2022: ഖത്തറിനെ കലണ്ടറിലടയാളപ്പെടുത്തിയ വർഷം
ലോകകപ്പ് ഫുട്‌ബോൾ സംഘാടന മികവ് കൊണ്ടും കളത്തിലെ കളി കൊണ്ടും ഒരുപോലെ ശ്രദ്ധനേടി
കലണ്ടറിൽ ഖത്തറിന്റെ വർഷമായിരുന്നു 2022. ലോകകപ്പ് ഫുട്‌ബോൾ സംഘാടന മികവ് കൊണ്ടും കളത്തിലെ കളി കൊണ്ടും ഒരുപോലെ ശ്രദ്ധനേടി. കോവിഡിന് ശേഷം ലോകം ഒരുവേദിയിൽ ഒന്നിച്ച ആദ്യത്തെ മെഗാ ഇവന്റ് കൂടിയായിരുന്നു ലോകകപ്പ് ഫുട്‌ബോൾ. അറബ് ലോകത്ത് ആദ്യമായി വിരുന്നെത്തിയ ഫുട്‌ബോൾ ആരാധകരുടെ മനസ് നിറച്ചാണ് ഖത്തർ യാത്രയാക്കിയത്.
നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് ഫുട്‌ബോൾ ടൂർണമെന്റ് നടന്നത്. ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച് അർജന്റീന ലോക ചാന്പ്യന്മാരായി വമ്പൻമാരുടെ വീഴ്ചകളും ചെറുമീനുകളുടെ കുതിപ്പും കൊണ്ട് സംഭവബഹുലമായിരുന്നു ലോകകപ്പ്. ജേതാക്കളായ അർജന്റീനയും റണ്ണറപ്പുകളായ ഫ്രാൻസും ഉൾപ്പെടെ പ്രമുഖരെല്ലാം തോൽവിയുടെ രുചിയറിഞ്ഞു. ജപ്പാനും കൊറിയയും സൌദിയും ടുണീഷ്യയും കാമറൂണുമെല്ലാം മനംകവർന്നു. സെമി ഫൈനൽ വരെയെത്തിയ അവിസ്മരണീയ കുതിപ്പിലൂടെ മൊറോക്കോ കറുത്ത കുതിരകളായി പാശ്ചാത്യ മാധ്യമങ്ങളുടെ പല്ലുംനഖവും ഉപയോഗിച്ചുള്ള ആക്രമണങ്ങളെ അതിജീവിച്ചാണ് ഖത്തർ മികച്ച സംഘാടനത്തിലൂടെ കയ്യടി നേടിയത്. മലയാളി ആരാധകരുടെ ആവേശത്തിന് നേരെ വരെ പാശ്ചാത്യർ ഉറഞ്ഞു തുള്ളിയപ്പോൾ ലോകകപ്പ് സിഇഒ മീഡിയ വണിലൂടെ അതിന് മറുപടി പറഞ്ഞു ഏറ്റവും മികച്ച എട്ട് സ്റ്റേഡിയങ്ങളും അതിലേക്ക് ചെന്നെത്താനുള്ള ഗതാഗത സൌകര്യങ്ങളും ഒരുക്കിയാണ് ഖത്തർ വിമർകരുടെ വായടപ്പിച്ചത്
ലോകകപ്പുമായി ബന്ധപ്പെട്ട വിവിധ പരിപാടികളാണ് 2022 ഖത്തറിലെ വാർത്താമാധ്യമങ്ങളിൽ സജീവമാക്കിയത്. 72ാമത് ഫിഫ കോൺഗ്രസ് ദോഹയിലാണ് നടന്നത് മാർച്ച് 31നായിരുന്നു ഫിഫ കോൺഗ്രസ്, തൊട്ടടുത്ത ദിവസം ഏപ്രിൽ ഒന്നിന് ലോകകപ്പിന് യോഗ്യത നേടിയ ടീമുകളുടെ നറുക്കെടുപ്പ് നടന്നു.
ലോകകപ്പ് കഴിഞ്ഞാൽ കായിക മേഖലയിൽ നടന്ന പ്രധാന മത്സരം ഡയമണ്ട് ലീഗ് പോരാട്ടമായിരുന്നു. മെയ് 13ന് ദോഹയിൽ നടന്ന ഡയമണ്ട് ലീഗിൽ ട്രാക്കിലെയും ഫീൽഡിലെയും പ്രമുഖരെല്ലാം മത്സരിക്കാനെത്തി നയതന്ത്ര മേഖലയിൽ 2022 ൽ ഖത്തറിനെ അടയാളപ്പെടുത്തുന്നത് ചാഡ് സമാധാന ഉടമ്പടിയുടെ പേരിലാണ്. ആഭ്യന്തര കലാപം രൂക്ഷമായിരുന്ന ചാഡിൽ വിവിധ വിഭാഗങ്ങളെ ഒരുമിച്ചിരുത്തി സമാധാന കരാറുണ്ടാക്കാൻ ഖത്തറിന് സാധിച്ചു.
ഓഗസ്റ്റ് എട്ടിനാണ് ദോഹ കരാറിൽ വിവിധ വിഭാഗങ്ങൾ ഒപ്പുവെച്ചത്. മാർച്ച് 10ന് ഖത്തറിനെ അമേരിക്ക നാറ്റോയ്ക്ക് പുറത്തുള്ള പ്രധാന സഖ്യരാജ്യമായി പ്രഖ്യാപിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് പ്രഖ്യാപനം നടത്തിയത്. ട്രാൻസ്‌ഫോർമിങ് ഫോർ ന്യൂ എറ എന്ന തലക്കെട്ടിൽ മാർച്ച് 26,27 തീയതികളിൽ നടന്ന ദോഹ ഫോറം പ്രമേയം കൊണ്ടും ചർച്ചകൾ കൊണ്ടും ശ്രദ്ധേയമായി . ഉപരോധത്തിന് ശേഷം ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽസീസിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും ആദ്യമായി ഖത്തറിലെത്തുന്നതിനും 2022 സാക്ഷ്യം വഹിച്ചു.
ആരോഗ്യമേഖലയിൽ കോവിഡിനെയും വകഭേദമായ ഒമിക്രോണിനെയും സമർഥമായി പ്രതിരോധിക്കാൻ ഖത്തറിനായി, രാജ്യത്ത് സമ്പൂർണ കോവിഡ് വാക്‌സിനേഷൻ ഉറപ്പാക്കാനും കോവിഡ് ആപ്ലിക്കേഷനായ ഇഹ്തിറാസ് ആരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി ചുരുക്കാനും സാധിച്ചു.
നവംബർ ഒന്നുമുതൽ യാത്രയ്ക്ക് ഇഹ്തിറാസ് രജിസ്‌ട്രേഷൻ ആവശ്യമില്ലാതായി. സന്ദർശകർക്ക് ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കാൻ ജൂണിൽ ഖത്തർ കാബിനറ്റ് തീരുമാനമെടുത്തു. ആഗോള ഇസ്ലാമിക പണ്ഡിതൻ യൂസുഫുൽ ഖറദാവിയുടെ വിയോഗം ഖത്തറിനെയും മുസ്ലിംസമൂഹത്തെയും കണ്ണീരിലാഴ്ത്തി. 120 ലേറെ പുസ്തകങ്ങളും നിരവധി കാലിക പ്രസക്തമായ ഫത്വവകളും പുറപ്പെടുവിച്ചിട്ടുള്ള അദ്ദേഹം സെപ്തംബർ 26ന് 96 ാം വയസിൽ ദോഹയിൽ വെച്ചാണ് മരിച്ചത്.