Writer - razinabdulazeez
razinab@321
ദോഹ: കഴിഞ്ഞ ആഗസ്റ്റിൽ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത് അമ്പത് ലക്ഷം യാത്രക്കാർ. വിമാനത്താവളത്തിന്റെ ചരിത്രത്തിൽ റെക്കോർഡാണിത്. മുൻ വർഷത്തേതിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയാണ് രേഖപ്പെടുത്തിയത്.
2024 ആഗസ്റ്റിനെ അപേക്ഷിച്ച് ഈ വർഷം ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ എണ്ണത്തിൽ 6.4 ശതമാനം വർധനയാണുണ്ടായത്. ഇതിൽ 13 ലക്ഷം പേർ പോയന്റ് ടു പോയന്റ് യാത്രക്കാരാണ്. ഈ വിഭാഗത്തിൽ രേഖപ്പെടുത്തിയത് 12 ശതമാനം വളർച്ച. ഓരോ യാത്രക്കാരനും മികച്ച സേവനം നൽകിയാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.
മികച്ച സൗകര്യവും എയർലൈൻ പങ്കാളിത്തവുമാണ് റെക്കോർഡ് നേട്ടത്തിന്റെ പ്രധാന കാരണം. യാത്രക്കാരുടെ ഫീഡ്‌ബാക്കും സഞ്ചാരികളുടെ എണ്ണത്തിൽ വർധനവിന് കാരണമായി. ആഗസ്റ്റിൽ നടത്തിയ സർവേയിൽ, 98 ശതമാനം യാത്രക്കാരും വിമാനത്താവളത്തിലെ സേവനങ്ങളിൽ സംതൃപ്തരാണെന്ന് കണ്ടെത്തി. കൂടാതെ, സർവേയിൽ പങ്കെടുത്തവരിൽ 92 ശതമാനം പേരും സുരക്ഷാ സംവിധാനങ്ങൾ മികച്ചതാണെന്നും അഭിപ്രായപ്പെട്ടു. എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ 2025ലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയായ വേൾഡ് എയർപോർട്ട് ട്രാഫിക് ഡാറ്റാസെറ്റിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഈയിടെ ഇടംനേടിയിരുന്നു.