തിരുപ്പിറവിയുടെ ഓർമ; ക്രിസ്മസ് ആഘോഷിച്ച് ​ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളും

ദിവസങ്ങൾക്ക് മുമ്പേ നക്ഷത്ര വിളക്കുകളുടെ വർണപ്രഭയിൽ തിളങ്ങിയ ദേവാലയങ്ങളിൽ പ്രാർഥനകളും പ്രത്യേക ശുശ്രൂഷകളും നടന്നു.

Update: 2023-12-25 19:23 GMT
Advertising

തിരുപ്പിറവിയുടെ ഓർമകളിൽ ക്രിസ്മസ് ആഘോഷിച്ച് വിവിധ ​ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ. ഖത്തറിൽ പള്ളികളിലെ ചടങ്ങുകള്‍ക്ക് പുറമെ കൂട്ടായ്മകളുടെ നേതൃത്വത്തിലും ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. വര്‍ണാഭമായാണ് ഖത്തറിലെ പ്രവാസി ക്രൈസ്തവ സമൂഹം ക്രിസ്മസിനെ വരവേറ്റത്. വീടുകള്‍ അലങ്കരിച്ചും പുല്‍ക്കൂട് ഒരുക്കിയും ഡിസംബര്‍ രണ്ടാം വാരം മുതല്‍ തന്നെ ഖത്തര്‍ മലയാളികള്‍ ക്രിസ്മസ് ആഘോഷം തുടങ്ങിയിരുന്നു.

ജോലിത്തിരക്കുകള്‍ക്കിടയില്‍ കൂടിച്ചേരലുകള്‍ക്കും ആഘോഷത്തിനുമുള്ള അവസരം കൂടിയായാണ് പ്രവാസികള്‍ ക്രിസ്മസിനെ കാണുന്നത്. പ്രദേശത്തെ ഒരു വീട്ടില്‍ ഒരുമിച്ചുകൂടി എല്ലാവരും ചേര്‍ന്ന് ആഘോഷിക്കുകയാണ് പതിവ്. മലയാളി ഇടവകകളുടെ നേതൃത്വത്തില്‍കരോള്‍ ഗാനാലാപനം, പുല്‍ക്കൂട് ഒരുക്കല്‍, ക്രിസ്മസ് ട്രീ അലങ്കരിക്കല്‍ തുടങ്ങി വിവിധ മത്സരങ്ങളും അരങ്ങേറി.

സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റേയും സന്ദേശവുമായി കുവൈത്തിലും ക്രിസ്തീയ സമൂഹം യേശുദേവന്‍റെ തിരുപ്പിറവി ആഘോഷിച്ചു. കുര്‍ബാനകളിലും ക്രിസ്തുമസ് ശുശ്രൂഷകളിലും ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. മുൻ അമീറിന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് ദുഃഖാചരണം തുടരുന്നതിനാൽ വലിയ രൂപത്തിലുള്ള ആഘോഷങ്ങൾ ഇത്തവണ ഉണ്ടായിരുന്നില്ല. ക്രിസ്ത്യൻ ദേവാലയങ്ങളിലും ചടങ്ങുകൾ ചെറിയ രൂപത്തിലാണ് ആഘോഷിച്ചത്.

പ്രവാസി കുടുംബങ്ങളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ക്രിസ്മസിനെ വരവേറ്റത്. ജോലി ദിവസമായതിനാല്‍ പലരും അവധിയെടുത്താണ് പ്രാര്‍ഥനകളില്‍ പങ്കെടുത്തത്. സെന്റ്. തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയിലെ യൽദോ പെരുന്നാൾ കര്‍മങ്ങള്‍ക്ക് മലങ്കര ഓർത്തഡോക്സ്‌ സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവര്‍​ഗീസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു.

അഹമ്മദി സെന്റ് പോൾസ് ദേവാലയത്തിൽ നടന്ന പ്രാര്‍ഥനകള്‍ക്ക് ഇടവക വികാരി റവ. ഫാ. എബ്രഹാം പി.ജെ നേതൃത്വം നല്‍കി. നാഷണല്‍ ഇവാഞ്ചിലിക്കല്‍ ചര്‍ച്ചില്‍ വിവിധ ഭാഷകളില്‍ കുര്‍ബാന നടന്നു. കുവൈത്ത് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ക്രിസ്തുമസ് ആരാധനകള്‍ അബ്ബാസിയ സെന്റ്‌ ബസേലിയോസ്‌ ചാപ്പൽ, സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പൽ, സിറ്റി നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച്‌ എന്നിവിടങ്ങളിലായി നടന്നു.

ബഹ്റൈനിലും പ്രവാസികൾ ക്രിസ്മസ് വിപുലമായി ആഘോഷിച്ചു. തിരുപ്പിറവിയുടെ ഓർമകളിൽ ക്രൈസ്തവർ ആഹ്ലാദപൂർവം ആഘോഷങ്ങളിൽ പങ്കാളികളായി. ദിവസങ്ങൾക്ക് മുമ്പേ നക്ഷത്ര വിളക്കുകളുടെ വർണപ്രഭയിൽ തിളങ്ങിയ ദേവാലയങ്ങളിൽ പ്രാർഥനകളും പ്രത്യേക ശുശ്രൂഷകളും നടന്നു. വിശ്വാസികൾ കുടുംബസമേതം ഭക്ത്യാദരപൂർവം ചടങ്ങുകളിൽ പങ്കെടുത്തു.

വീടുകളിൽ പുൽക്കൂടൊരുക്കിയും നക്ഷത്രവിളക്കുകളാൽ അലങ്കരിച്ചും കാത്തിരുന്ന ക്രിസ്മസ് ദിനം പ്രവ്യത്തി ദിനമായത് പരിമിതിയായിത്തീർന്നെങ്കിലും പ്രവാസികളുടെയും കുടുംബങ്ങളുടെയും ആഘോഷപ്പൊലിമക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. തുടർ ദിവസങ്ങളിലും പ്രവാസി കൂട്ടായ്മകളുടെയും ക്രിസ്ത്യൻ ദേവാലയങ്ങളുടെ നേത്യത്വത്തിൽ ആഘോഷ പരിപാടികൾ നടക്കും. 


Full View


Full View


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News