ഫിഫ അറബ് കപ്പും ഗംഭീരമാകും: ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ

'ഖത്തറിന്റെ ആതിഥ്യം അസാധാരണം'

Update: 2025-08-25 10:03 GMT

ദോഹ: ലോകകപ്പു പോലെ ഫിഫ അറബ് കപ്പും ഗംഭീര വിജയമാകുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ. ഖത്തറിന്റെ ആതിഥ്യം അസാധാരണമാണെന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു. ഡിസംബറിലാണ് അറബ് കപ്പിന് ഖത്തർ വേദിയാകുന്നത്. നൂറു ദിനം മാത്രം ശേഷിക്കെയാണ് ഫിഫ പ്രസിഡന്റ് ഖത്തറിന്റെ സംഘാടനത്തെ വാനോളം പുകഴ്ത്തിയത്. 2022ലെ ലോകകപ്പ് അതുല്യമായ വിജയമായിരുന്നെന്നും അതേ രീതിയിൽ അറബ് കപ്പും സംഘടിപ്പിക്കാൻ ഖത്തറിനാകുമെന്നും ഇൻഫന്റിനോ പറഞ്ഞു. ഫിഫ ടൂർണമെന്റ് നടത്തുന്നതിന്റെ വെല്ലുവിളി ഖത്തർ ഉജ്ജ്വലമായി നേരിടുമെന്ന് തനിക്കറിയാം. ഈ രാജ്യത്തെ ആതിഥ്യമര്യാദയും സൗകര്യങ്ങളും അസാധാരണമാണ്. മത്സരങ്ങൾക്ക് തയ്യാറെടുക്കാൻ എല്ലാ ടീമുകൾക്കും മികച്ച സാഹചര്യങ്ങളുണ്ടാകും -ഫിഫ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.

Advertising
Advertising

ഡിസംബർ ഒന്ന് മുതൽ 18 വരെ ഖത്തറിലെ ആറു സ്റ്റേഡിയങ്ങളിലാണ് അറബ് കപ്പ് അരങ്ങേറുക. ഇത് രണ്ടാം തവണയാണ് ഖത്തർ അറബ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പ് മത്സരങ്ങൾ അരങ്ങേറിയ സ്റ്റേഡിയങ്ങൾ ചാമ്പ്യൻഷിപ്പിനായി ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്.

നാലു ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ഖത്തർ, മൊറോക്കോ, ഈജിപ്ത്, അൽജീരിയ, തുനീഷ്യ, സൗദി അറേബ്യ, ഇറാഖ്, ജോർദാൻ, യുഎഇ ടീമുകൾ ലോകറാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ടൂർണമെന്റിന് യോഗ്യത നേടിയിട്ടുണ്ട്. ശേഷിച്ച ഏഴു സ്ഥാനങ്ങളിലേക്കുള്ള ടീമുകളെ നവംബർ അവസാനം നടക്കുന്ന പ്ലേ ഓഫിലൂടെ തെരഞ്ഞെടുക്കും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News