കൗമാര കാൽപന്ത് ഉത്സവത്തിന് ഖത്തറിൽ ഇന്ന് കിക്കോഫ്

ചരിത്രത്തിൽ ആദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റാണ് ഇത്തവണത്തേത്

Update: 2025-11-03 08:32 GMT

ദോഹ: ഖത്തറിൽ ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ആവേശപ്പൂരം ഇന്ന് മുതൽ. അണ്ടർ 17 ചരിത്രത്തിൽ ആദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റാണ് ഇത്തവണത്തേത്. കഴിഞ്ഞ ലോകകപ്പിൽ മത്സരിച്ചത് 24 ടീമുകളായിരുന്നു. ദോഹയിലെ ആസ്പയർ സോണിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ഫൈനൽ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും. ഉദ്ഘാടന ദിവസമായ ഇന്ന് ഖത്തർ, അർജന്റീന ടീമുകൾ കളത്തലിറങ്ങും. 

 

ഗ്രൂപ്പ് എയിൽ ആദ്യ ദിവസം ഖത്തർ ഇറ്റലിക്കെതിരെയാണ് ഇറങ്ങുന്നത്. മറ്റൊരു മത്സരത്തിൽ സൗത്ത് ആഫ്രിക്കയും ബൊളീവിയയും ഏറ്റുമുട്ടും. ഗ്രൂപ്പ് ബിയിൽ ജപ്പാൻ മൊറോക്കോയെയും ന്യൂ കാലിഡോണിയ പോർച്ചുഗലിനെയും നേരിടും. ഗ്രൂപ്പ് സിയിൽ യുഎഇയും കോസ്റ്ററിക്കയും തമ്മിലാണ് മത്സരം. സെനഗൽ ക്രൊയേഷ്യയേയും നേരിടും. ഗ്രൂപ്പ് ഡിയിലുള്ള അർജൻറീന ബെൽജിയവുമായി കൊമ്പുകോർക്കും. മറ്റൊരു മത്സരം തുണീഷ്യയും ഫിജിയും തമ്മിലാണ്.

Advertising
Advertising

ആകെ 104 മത്സരങ്ങളാണ് ടൂർണമെൻറിലുള്ളത്. നാല് ടീമുകൾ വീതമടങ്ങുന്ന 12 ഗ്രൂപ്പുകളാണുള്ളത്. ആദ്യ രണ്ടു സ്ഥാനക്കാർ നേരിട്ട് നോക്കൗട്ട് റൗണ്ടിൽ പ്രവേശിക്കും. മികച്ച എട്ട് മൂന്നാം സ്ഥാനക്കാരും നോക്കൗട്ടിലെത്തും. ആതിഥേയരായ ഖത്തർ ഗ്രൂപ്പ് എയിലും അർജന്റീന ഗ്രൂപ്പ് ഡിയിലുമാണ്. ബെൽജിയം, തുനീഷ്യ, ഫിജി ടീമുകളും ഗ്രൂപ്പ് ഡിയിലാണ്. ബ്രസീലിന് താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പ് എച്ചാണ് ലഭിച്ചത്. ഹോണ്ടുറകസ്, ഇന്തോനേഷ്യ, സാംബിയ എന്നിവരാണ് ഗ്രൂപ്പിൽ. ഫുട്ബാൾ വീഡിയോ സപ്പോർട്ട് (എഫ്.വി.എസ്) സംവിധാനം ഉപയോഗിക്കും. വാർ (വീഡിയോ അസിസ്റ്റന്റ് റഫറി) സംവിധാനം ഉണ്ടാകില്ല.

രണ്ടു വർഷത്തിലായിരുന്നു അണ്ടർ 17 ലോകകപ്പ് നടന്നിരുന്നത്. എന്നാലിത് വർഷത്തിൽ ഒരിക്കലായി മാറിയിരിക്കുകയാണ്. ആദ്യ കൗമാര ലോകകപ്പ് 1985ൽ ചൈനയിലായിരുന്നു നടന്നത്. 2017ൽ ഇന്ത്യയും വേദിയായി. ഗൾഫിൽ ആദ്യമായി ആതിഥേയത്വം വഹിച്ചത് യുഎഇയാണ്. 2013ൽ. ഖത്തർ വേദിയാകുന്നത് ആദ്യമായാണ്. കഴിഞ്ഞ തവണ ഇന്തോനേഷ്യയിലായിരുന്നു ടൂർണമെൻറ്. നിലവിലെ ചാമ്പ്യന്മാർ ജർമനിയാണ്. ഏറ്റവും കൂടുതൽ ചാമ്പ്യൻഷിപ്പ് നേടിയ ടീം നൈജീരിയയാണ്. അഞ്ചു തവണ. രണ്ടാമത് ബ്രസീലാണ്, നാലു തവണ.  ലോകകപ്പിന്റെ ഗംഭീരമായ വിജയത്തിന് ശേഷമാണ് ഖത്തർ അണ്ടർ സെവന്റീൻ ഫുട്‌ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News