ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജി.സി.സി രാജ്യങ്ങൾ; ഇറാൻ ആക്രമണത്തെ അപലപിച്ചു
ഇറാൻ-ഇസ്രായേൽ വെടിനിർത്തൽ സാധ്യമാക്കുന്നതിൽ നിർണായക ഇടപെടൽ നടത്തിയ ഡൊണാൾഡ് ട്രംപിനെയും ജി.സി.സി മന്ത്രി തല സമിതി പ്രശംസിച്ചു
ദോഹ: ഖത്തറിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇറാൻ നടത്തിയ ആക്രമണമെന്ന് വിലയിരുത്തിക്കൊണ്ട് ജി.സി.സി രാജ്യങ്ങൾ ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിന് പിന്നാലെ ദോഹയിൽ ചേർന്ന ജി.സി.സി വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗമാണ് ഇറാന്റെ നടപടിയെ ശക്തമായി അപലപിച്ചത്.
കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുള്ള അലി അബ്ദുള്ള അൽ യഹ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയും പങ്കെടുത്തു. അൽ ഉദൈദ് വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തെ സമിതി ശക്തമായി അപലപിക്കുകയും, രാജ്യത്തിന്റെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കുമായി ഖത്തർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇറാൻ-ഇസ്രായേൽ വെടിനിർത്തൽ സാധ്യമാക്കുന്നതിൽ നിർണായക ഇടപെടൽ നടത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ജി.സി.സി മന്ത്രി തല സമിതി പ്രശംസിച്ചു.