അന്താരാഷ്ട്ര ബോട്ട് പ്രദർശനത്തിന് നാളെ ദോഹയിൽ തുടക്കം

ദോഹയിലെ പേൾ ഖത്തറിൽ നാളെ ആരംഭിക്കുന്ന ബോട്ട് ഷോ നവംബർ 20 വരെ നീണ്ടുനിൽക്കും

Update: 2021-11-15 17:20 GMT
Advertising

എട്ടാമത് ഖത്തർ അന്താരാഷ്ട്ര ബോട്ട് പ്രദർശനത്തിന് നാളെ ദോഹയിൽ തുടക്കമാകും. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യത്യസ്ത തരം ആഢംബര ബോട്ടുകളുടെ പ്രദർശനവും വിപണനവുമാണ് മേളയിൽ നടക്കുക. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള കർശനമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണത്തെ ദോഹ അന്താരാഷ്ട്ര ബോട്ട് ഷോ നടക്കുന്നത്. ദോഹയിലെ പേൾ ഖത്തറിൽ നാളെ ആരംഭിക്കുന്ന ബോട്ട് ഷോ നവംബർ 20 വരെ നീണ്ടുനിൽക്കും.

ഖത്തറിലും വിദേശരാജ്യങ്ങളിലുമുള്ള എൺപതോളം വരുന്ന ബോട്ട് നിർമാണ കമ്പനികളാണ് ഇത്തവണ മേളയിൽ പങ്കെടുക്കുന്നത്. ഈ വർഷം മാർച്ചിൽ നടക്കേണ്ടിയിരുന്ന മേള കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നവംബറിലേക്ക് മാറ്റുകയായിരുന്നു. ആഡംബര ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ എന്നിവക്ക് പുറമെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള മരത്തടി കൊണ്ട് നിർമിച്ച ഉല്ലാസ ബോട്ടുകളും മേളക്ക് മനോഹാരിത പകരും. വിവിധ കമ്പനികളുടെ മോട്ടോറുകൾ, സ്‌പെയർ പാർട്‌സുകൾ തുടങ്ങിയവയും മേളയിലുണ്ടാകും.

കോവിഡ് സാഹചര്യത്തിൽ എല്ലാ വിധ മുൻകരുതൽ മാർഗങ്ങളും പാലിച്ചുകൊണ്ടായിരിക്കും മേളയിലേക്ക് ആവശ്യക്കാരെയും കാഴ്ച്ചക്കാരെയും പ്രവേശിപ്പിക്കുകയെന്ന് മുഖ്യസംഘാടകരായ അൽ മന്നായി പ്ലസ് ഈവൻറ്‌സിൻറെ ചെയർമമാൻ ഖാലിദ് ബിൻ ഈസ അൽ മന്നായി അറിയിച്ചു. കടൽയാത്ര ഇഷ്ടപ്പെടുന്നവർക്കും ഉല്ലാസയാത്രികർക്കും ലോകത്ത് ലഭ്യമായ എല്ലാ തരം ബോട്ടുകളും ഒറ്റ കുടക്കീഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2013 മുതലാണ് ദോഹയിൽ അന്താരാഷ്ട്ര ബോട്ട് ഷോ ആരംഭിച്ചത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News