ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശീയ ഉന്മൂലനം: ഖത്തര്‍
ഖത്തറിലെത്തിയ ഫ്രഞ്ച് വിദേശകാര്യമന്ത്രിക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി ഗസ്സയിലെ ഇസ്രായേല്‍ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചത്.
ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശീയ ഉന്മൂലനമാണെന്ന് ഖത്തര്‍. ഇസ്രായേലിന്റെ നരഹത്യയില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരമാണെന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു. ഖത്തറിലെത്തിയ ഫ്രഞ്ച് വിദേശകാര്യമന്ത്രിക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി ഗസ്സയിലെ ഇസ്രായേല്‍ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചത്.
വംശഹത്യയും വംശീയ ഉന്മൂലനവുമാണ് ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്നത്. ഇസ്രായേല്‍ ലക്ഷ്യം വയ്ക്കുന്ന ഒരു വ്യക്തി സമീപത്തുണ്ട് എന്ന വാദത്തോടെയാണ് ഇസ്രായേല്‍ ജനവാസ കേന്ദ്രങ്ങളില്‍ ബോംബിടുന്നത്. അതിന്റെ പേരില്‍ നാനൂറിലേറെ പേരാണ് മരിച്ചത്. അന്താരാഷ്ട്ര സമൂഹം ഈ വിഷയത്തിലെല്ലാം ഇരട്ടത്താപ്പ് തുടരുകയാണ്. ചില സമയങ്ങളില്‍ ഈ നിലപാടുകള്‍ ലജ്ജാകരമാണെന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.
അതേ സമയം ഗസ്സയില്‍ ആണവായുധം പ്രയോഗിക്കുമെന്ന ഇസ്രായേല്‍ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഇസ്രായേല്‍ നടത്തുന്ന യുദ്ധക്കുറ്റങ്ങളുടെ അടയാളമാണിത്. മന്ത്രിക്കെതിരെ നാമമാത്രമായ നടപടിയാണ് ഇസ്രായേല്‍ സ്വീകരിച്ചത്. ഇത് അദ്ദേഹത്തെ പിന്തുണയ്ക്കുന്നതിന് സമാനമാണെന്നും ഖത്തര്‍ കുറ്റപ്പെടുത്തി.