താലിബാന്‍ വെടിനിര്‍ത്തണം, രാഷ്ട്രീയ ഒത്തുതീര്‍പ്പിന് തയ്യാറാകണം: വിവിധ രാജ്യങ്ങളുടെ സംയുക്ത സമിതി
ഖത്തര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അമേരിക്ക, ചൈന, ബ്രിട്ടന്‍, ഉസ്ബെക്കിസ്ഥാന്‍ ജര്‍മനി, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ പ്രതിനിധികള്‍ക്കൊപ്പം ഇന്ത്യന്‍ അംബാസഡര്‍ ഡോ ദീപക് മിത്തലും പങ്കെടുത്തു
അഫ്ഗാനിസ്ഥാനില്‍ ആയുധ ബലത്തിലൂടെ അധികാരം കയ്യടക്കുന്നവരെ അംഗീകരിക്കില്ലെന്ന് ഖത്തറില്‍ ചേര്‍ന്ന വിവിധ രാജ്യങ്ങളുടെ സംയുക്ത സമിതി. താലിബാന്‍ ഉടന്‍ വെടിനിര്‍ത്തലിന് തയ്യാറാകണമെന്നും രാഷ്ട്രീയ ഒത്തുതീര്‍പ്പിന് സന്നദ്ധരാകണമെന്നും ഇന്ത്യ ഉള്‍പ്പെടെ പങ്കെടുത്ത യോഗം ആവശ്യപ്പെട്ടു. താലിബാന്‍ ആക്രമണം അവസാനിപ്പിച്ച് ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടിറേസും ആവശ്യപ്പെട്ടു
അഫ്ഗാനില്‍ പതിനെട്ടോളം നഗരങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍ ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് ദോഹയില്‍ സമാധാന ശ്രമങ്ങള്‍ക്കായുള്ള രാജ്യാന്തര സമിതി യോഗം ചേര്‍ന്നത്. ഖത്തര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അമേരിക്ക, ചൈന, ബ്രിട്ടന്‍, ഉസ്ബെക്കിസ്ഥാന്‍ ജര്‍മനി, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ പ്രതിനിധികള്‍ക്കൊപ്പം ഇന്ത്യന്‍ അംബാസഡര്‍ ഡോ ദീപക് മിത്തലും പങ്കെടുത്തു. യുഎന്നില്‍ നിന്നുള്ള പ്രത്യേക ദൂതന്‍, യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി, അഫ്ഗാന്‍ സമാധാന ശ്രമങ്ങൾക്കായുള്ള ഉന്നതസമിതി ചെയർമാൻ ഡോ. അബ്ദുല്ല അബ്ദുല്ല തുടങ്ങിയവരും പങ്കെടുത്ത സമാധാന യോഗം താലിബാന്‍റെ ആക്രമണങ്ങളെ അപലപിക്കുകയും ആയുധബലത്തിലൂടെ അധികാരം പിടിക്കുന്ന ശക്തികളെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും പ്രഖ്യാപിച്ചു.
ഇരുപക്ഷവും ഉടന്‍ വെടിനിര്‍ത്തലിന് തയ്യാറാകണമെന്നും രാഷ്ട്രീയമായ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് സന്നദ്ധരാകണമെന്നും യോഗം ആഹ്വാനം ചെയ്തു. എന്നാല്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായുള്ള ക്രിയാത്മകമായ പരിഹാര ഫോര്‍മുലകള്‍ ചര്‍ച്ചകളില്‍ രൂപപ്പെട്ടിട്ടില്ലെന്നാണ് വിവരം. താലിബാന്‍ എത്രയും പെട്ടെന്ന് ആക്രമണം അവസാനിപ്പിച്ച് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടിറേസും ആവശ്യപ്പെട്ടു.
അതിനിടെ ആക്രമണം ശക്തമാക്കിയ താലിബാന്‍ ആറ് പ്രവിശ്യകള്‍ കൂടി കയ്യടക്കി. ഇതോടെ മൊത്തം 18 പ്രവിശ്യകള്‍ താലിബാന്‍റെ നിയന്ത്രണത്തിലായി. ഈ സാഹചര്യത്തില്‍ എംബസി ഉദ്യോഗസ്ഥരുള്‍പ്പെടെ അഫ്ഗാനിലുള്ള തങ്ങളുടെ പൌരന്മാരെ നാട്ടിലെത്തിക്കുന്നതിനായി അമേരിക്കയും ബ്രിട്ടനും നടപടികള്‍ തുടങ്ങി. ഇതിനായി പ്രത്യേക സേനയെ അഫ്ഗാനിലേക്കയക്കാനാണ് നീക്കം. അഫ്ഗാനിലെ ഇന്ത്യന്‍ പൌരന്മാരെ തിരിച്ചെത്തിക്കുന്നതിനായി ഇന്ത്യന്‍ കോണ്‍സുലേറ്റും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.