ഖത്തറിൽ നാളെ മുതൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാം
വിദ്യാർഥികൾക്കുള്ള പ്രതിവാര കോവിഡ് പരിശോധനയിൽ വിദ്യാഭ്യാസ മന്ത്രാലയവും ഇളവ് വരുത്തിയിട്ടുണ്ട്.
ഖത്തറിൽ നാളെ മുതൽ പൊതുഇടങ്ങളിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാം. കഴിഞ്ഞ മന്ത്രിസഭായോഗം പ്രഖ്യാപിച്ച ഇളവുകൾ നാളെയാണ് പ്രാബല്യത്തിൽ വരുന്നത്. അതേസമയം ഇന്ന് 657 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഖത്തറിൽ രേഖപ്പെടുത്തുന്നത്. ഇന്ന് 657 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 532 പേർ സമ്പർക്ക രോഗികളാണ്. ആകെ രോഗികളുടെ എണ്ണം പതിനായിരത്തിൽ താഴെയെത്തി.
കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതിനാൽ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു. നാളെ മുതൽ പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാമെങ്കിലും സ്‌കൂളുകൾ, സർവകലാശാലകൾ, പള്ളികൾ, മാർക്കറ്റുകൾ തുടങ്ങി ആൾക്കൂട്ടമുണ്ടാകുന്ന സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണം. വിദ്യാർഥികൾക്കുള്ള പ്രതിവാര കോവിഡ് പരിശോധനയിൽ വിദ്യാഭ്യാസ മന്ത്രാലയവും ഇളവ് വരുത്തിയിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിനെടുത്ത കുട്ടികളും 9 മാസത്തിനിടെ കോവിഡ് വന്ന ഭേദമായ കുട്ടികളും വീടുകളിൽ നിന്ന് ഇനി മുതൽ ആന്റിജൻ ടെസ്റ്റ് നടത്തേണ്ടതില്ല. സ്‌കൂളുകളിൽ ഫിസിക്കൽ എഡ്യുക്കേഷൻ, പഠന യാത്രകൾ എന്നിവക്കും അനുമതിയുണ്ട്.