കാത്തിരിപ്പിന് വിരാമം; ഖത്തറിന്റെ സ്വന്തം വ്യോമമേഖലയെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു
വർഷങ്ങളായുള്ള പരിശ്രമത്തിനൊടുവിൽ ദോഹ വ്യോമമേഖല യാഥാർത്ഥ്യമാകുന്നു. ഇക്കാര്യത്തിൽ സൗദി അറേബ്യ, ബഹ്‌റൈൻ, യു.എ.ഇ എന്നിവരുമായി ഖത്തർ വ്യോമയാന വിഭാഗം കരാറിൽ ഒപ്പുവെച്ചു. സെപ്തംബർ എട്ടിന് ദോഹ ഫ്‌ളൈറ്റ് ഇൻഫർമേഷൻ റീജിയൻ നിലവിൽ വരും.
കഴിഞ്ഞ മാർച്ചിൽ ചേർന്ന ഇന്റർനാഷണൽ സിവിൽ എവിയേഷൻ ഓർഗനൈസേഷൻ കൗൺസിൽ യോഗമാണ് ദോഹ ഫ്‌ളൈറ്റ് ഇൻഫർമേഷൻ മേഖല രൂപീകരിക്കാൻ അനുമതി നൽകിയത്. ഏപ്രിലിൽ തന്നെ ഇക്കാര്യത്തിൽ ഇറാനുമായി കരാറിലെത്തി. അയൽ രാജ്യങ്ങളുമായി നടത്തിയ തുടർചർച്ചയിലാണ് സ്വന്തം വ്യോമ മേഖലയെന്ന ഖത്തറിന്റെ സ്വപ്നം യാഥാർഥ്യമായത്.
ബഹ്‌റൈൻ, യു.എ.ഇ, സൗദി എന്നിവരുമായി കരാറിൽ ഒപ്പുവച്ചതോടെ ദോഹ എഫ്.ഐ.ആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കിയതായി ഖത്തർ ഗതാഗത വകുപ്പ് മന്ത്രി ജാസിം സെയ്ഫ് അൽ സുലൈത്തി പറഞ്ഞു. നിലവിൽ യു.എ.ഇ, സൗദി, ബഹ്‌റൈൻ, ഇറാൻ എന്നിവരുടെ പേരിലാണ് ഫൈ്‌ളറ്റ് ഇൻഫർമേഷൻ റീജിയൻ.
കൗൺസിൽ അനുമതി ലഭിച്ച്, പുതിയ കരാറുകൾ പ്രാബല്യത്തിലായതോടെ സെപ്റ്റംബർ എട്ട് മുതൽ ഖത്തറിന്റെ ആകാശം ദോഹ എഫ്.ഐ.ആർ എന്ന പേരിൽ അറിയപ്പെടും. നാലു വർഷം മുമ്പാണ് ഇതു സംബന്ധിച്ച ആവശ്യവുമായി ഖത്തർ യു.എന്നിനു കീഴിലെ ഇന്റർനാഷണൽ സിവിൽ എവിയേഷൻ ഓർഗനൈസേഷനെ സമീപിക്കുന്നത്.