ഖത്തറിൽ 1200 കോടി റിയാലിന്റെ വമ്പൻ പദ്ധതികൾക്ക് പച്ചക്കൊടി
റോഡ് നിർമാണം, അഴുക്കുചാൽ നവീകരണം അടക്കം 13 പദ്ധതികൾക്കാണ് പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ വിവിധ കമ്പനികൾക്ക് കരാർ നൽകിയത്
ദോഹ: 12 ബില്യൺ റിയാലിന്റെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് ഖത്തറിൽ അനുമതി. രാജ്യത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമിട്ടാണ് പൊതുമരാമത്ത് വിഭാഗം പദ്ധതികൾക്ക് അനുമതി നൽകിയത്. റോഡ് നിർമാണം, അഴുക്കുചാൽ നവീകരണം അടക്കം പതിമൂന്ന് പദ്ധതികൾക്കാണ് പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ വിവിധ കമ്പനികൾക്ക് കരാർ നൽകിയത്. ഖത്തർ വിഷൻ 2030 ചട്ടക്കൂടുകൾക്ക് അനുസൃതമായി രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെ സംയോജനവും സുസ്ഥിരതയും ലക്ഷ്യമിട്ടാണ് പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് അഷ്ഗാൽ പ്രസിഡണ്ട് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ മീർ പറഞ്ഞു.
വിദ്യാഭ്യാസം, ആരോഗ്യം, സേവനം എന്നിവയുടെ വികസനവുമായി ബന്ധപ്പെട്ട നാല് കരാറുകൾ, റോഡ് അറ്റകുറ്റപ്പണി, അഴുക്കുചാൽ ശൃംഖല എന്നിവയിൽ മൂന്ന് കരാറുകൾ, റോഡ് നിർമാണവുമായി ബന്ധപ്പെട്ട രണ്ട് കരാർ, ഇന്റലിജന്റ്‌സ് ട്രാൻസ്‌പോർട്ട് സിസ്റ്റവുമായി ബന്ധപ്പെട്ട് രണ്ട് കരാറുകൾ എന്നിവക്കാണ് അനുമതിയായത്. രാജ്യത്തിന്റെ തെക്ക് വടക്ക് ഭാഗങ്ങളുടെ യാത്രാസൗകര്യങ്ങളിൽ വലിയ മാറ്റങ്ങൾ വിഭാവനം ചെയ്യുന്നതാണ് പദ്ധതികൾ. ഒക്ടോബറിൽ പദ്ധതികളുടെ നിർമാണം ആരംഭിക്കുമെന്ന് അഷ്ഗാൽ അധികൃതർ അറിയിച്ചു. അടുത്ത വർഷം ആദ്യപാദത്തിൽ പദ്ധതികളുടെ ആദ്യഘട്ടം പൂർത്തിയാക്കുകയാണ് ലക്ഷ്യം.