യുഎസിന്റെ പാക്‌സ് സിലിക്ക സഖ്യത്തിലേക്ക് ഖത്തർ

ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, ബ്രിട്ടൻ, ആസ്‌ട്രേലിയ രാഷ്ട്രങ്ങൾ നിലവിൽ സഖ്യത്തിൽ അംഗങ്ങളാണ്

Update: 2026-01-12 17:13 GMT

ദോഹ: അമേരിക്കയുടെ നേതൃത്വത്തിലുള്ള പാക്‌സ് സിലിക്ക സഖ്യത്തിൽ ഒപ്പുവച്ച് ഖത്തർ. യുഎസ് സാമ്പത്തികകാര്യ അണ്ടർ സെക്രട്ടറി ജേക്കബ് ഹെൽബർഗിന്റെ ദോഹ സന്ദർശനത്തിനിടെയാണ് ഖത്തർ, കൂട്ടായ്മയുടെ ഭാഗമായത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുന്നതാണ് കരാർ.

സെമി കണ്ടക്ടറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ, അപൂർവ മൂലകങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ യുഎസ് രൂപവത്കരിച്ച കൂട്ടായ്മയാണ് പാക്‌സ് സിലിക്ക. സഖ്യകക്ഷികൾക്കും സുഹൃദ് രാഷ്ട്രങ്ങൾക്കുമിടയിൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, ബ്രിട്ടൻ, ആസ്‌ട്രേലിയ രാഷ്ട്രങ്ങൾ നിലവിൽ സഖ്യത്തിൽ അംഗങ്ങളാണ്.

Advertising
Advertising

ഖത്തർ വിദേശ വ്യാപാര വകുപ്പു സഹമന്ത്രി അഹ്‌മദ് ബിൻ മുഹമ്മദ് അൽ സഈദുമായി ജേക്കബ് ഹെൽബർഗ് നടത്തിയ കൂടിക്കാഴ്ചയിലാണ് തന്ത്രപ്രധാന കരാറിൽ ഇരുരാഷ്ട്രങ്ങളും ഒപ്പുവച്ചത്. ആഗോള സാമ്പത്തിക വളർച്ചയുടെ അടുത്ത ഘട്ടത്തെ നയിക്കുന്ന രാഷ്ട്രങ്ങളുടെ മുൻനിരയിലേക്ക് ഖത്തറിലെ പ്രാപ്തമാക്കുന്നതാണ് കരാറെന്ന് യുഎസ് പ്രതികരിച്ചു. പാക്‌സ് സിലിക്കയുടെ ഭാഗമായുള്ള സിലിക്കൺ ഡിക്ലറേഷൻ വെറുമൊരു നയതന്ത്ര ഉടമ്പടിയല്ല, പുതിയ സാമ്പത്തിക സുരക്ഷ മുൻ നിർത്തിയുള്ള പ്രായോഗിക രേഖയാണെന്നും യുഎസ് വ്യക്തമാക്കി.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഹൈഡ്രോ കാർബൺ ഇതര മേഖലകളിലേക്ക് വൈവിധ്യവൽക്കരിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങൾക്ക് കരാർ ശക്തിപകരും. ഡിജിറ്റൽ വ്യാപാര ഇടനാഴി, ചിപ് നിർമാണം, എഐ അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളിലേക്ക് പുതിയ വാതിലുകൾ തുറക്കാനും ഇതു വഴിയൊരുക്കും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News