സ്വകാര്യത ലംഘിച്ചാൽ ഒരു ലക്ഷം റിയാൽ പിഴയും ഒരു വർഷം തടവും; സൈബർക്രൈം നിയമം പരിഷ്‌കരിച്ച് ഖത്തർ

അനുമതിയോ അറിവോ ഇല്ലാതെ വ്യക്തികളുടെ ഫോട്ടോയും വീഡിയോയും എടുക്കരുത്

Update: 2025-08-05 17:36 GMT

ദോഹ: സൈബർ കുറ്റകൃത്യ നിയമങ്ങളിൽ ഭേദഗതി വരുത്തി ഖത്തർ. പൊതുസ്ഥലങ്ങളിൽ വ്യക്തികളുടെ സമ്മതമില്ലാതെ ഫോട്ടോയും വീഡിയോയും എടുക്കുന്നത് പരിഷ്‌കരിച്ച നിയമം കർശനമായി വിലക്കുന്നു. സ്വകാര്യതാ ലംഘനം നടത്തുന്നവർക്ക് ജയിൽ ശിക്ഷയും പിഴയും ഒടുക്കേണ്ടി വരും.

പൊതുവിടങ്ങളിൽ വ്യക്തികളുടെ സ്വകാര്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സൈബർ കുറ്റകൃത്യ നിയമം ഖത്തർ ഭേഗദതി ചെയ്തത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി അംഗീകാരം നൽകി. നിയമപ്രകാരം പൊതുസ്ഥലങ്ങളിൽ വ്യക്തികളുടെ അറിവോ സമ്മതമോ ഇല്ലാതെ ഫോട്ടോയോ വീഡിയോയോ എടുക്കരുത്. ഇവ പരസ്യപ്പെടുത്തുകയോ ഇന്റർനെറ്റിലോ സമൂഹമാധ്യമങ്ങളിലോ പങ്കുവയ്ക്കുകയും ചെയ്യരുത്. നിയമം ലംഘിക്കുന്നവർക്ക് ഒരു വർഷം വരെ തടവോ ഒരു ലക്ഷം ഖത്തർ റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയുള്ള ശിക്ഷയോ അനുഭവിക്കേണ്ടി വരും.

അമീറിന്റെ അംഗീകാരത്തോടെ ഭേദഗതി വരുത്തിയ നിയമം ആഗസ്ത് നാലിന് പുറത്തിറങ്ങിയ ഔദ്യോഗിക ഗസറ്റിന്റെ ഇരുപതാം പതിപ്പിൽ പ്രസിദ്ധീകരിച്ചു. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് 2014ൽ അവതരിപ്പിച്ച നിയമം നമ്പർ പതിനാലിലെ, ആർട്ടിക്കിൾ എട്ടാണ് പുതിയ അനുച്ഛേദം കൂടി ചേർത്ത് ഭേദഗതി നടത്തിയത്. ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ വേളയിൽ തന്നെ നിയമം പ്രാബല്യത്തിൽ വന്നതായി അധികൃതർ വ്യക്തമാക്കി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News