ഗസ്സയില്‍ ഖത്തര്‍ നടത്തുന്ന ഫാദർ അമീർ ആശുപത്രി പ്രവർത്തനം പുനരാരംഭിച്ചു
ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ മാനുഷിക പ്രവർത്തനങ്ങൾ സജീവമാക്കി ഖത്തർ. ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ ചിതറിപ്പോയ ജീവനുകൾ തുന്നിച്ചേർക്കുകയാണ് ഖത്തർ. അതിനായി സ്ഥാപിച്ച ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി ആശുപത്രി വീണ്ടും പ്രവർത്തനം തുടങ്ങി. ഇസ്രായേൽ വ്യോമാക്രമണത്തിൽ ആശുപത്രിക്ക് വ്യാപക നാശനഷ്ടം നേരിട്ടിരുന്നു. ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഇപ്പോൾ ഭാഗികമായാണ് സേവനം തുടങ്ങിയിട്ടുള്ളത്. യുദ്ധത്തിൽ അംഗവൈകല്യം സംഭവിച്ചവരെ പുതു ജീവിതത്തിലേക്ക് നയിക്കുന്നതിൽ ഈ ആശുപത്രിക്ക് കാര്യമായ പങ്കുണ്ട്.
ഇതുവരെയായി 40,000ത്തോളം പേർക്ക് ചികിത്സ നൽകുകയും, കൃത്രിമാവയവങ്ങൾ വച്ചുപിടിപ്പിച്ച് ജീവിത്തിലേക്ക് തിരികെയെത്തിക്കുകയും ചെയ്തു. മൂന്ന് ഘട്ടമായി ആശുപത്രിയുടെ പ്രവർത്തനം പൂർണ തോതിലെത്തിക്കാനാണ് ശ്രമം. യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ 24000ത്തോളം പേരാണ് റീഹാബിലിറ്റേഷൻ ചികിത്സകൾക്കായി കാത്തിരിക്കുന്നത്.2019ലാണ് ഗസ്സയിൽ ഫാദർ അമീർ ആശുപത്രി പ്രവർത്തനം തുടങ്ങിയത്.