ഫലസ്തീൻ രാഷ്ട്രം കടലാസിൽ ഒതുങ്ങരുതെന്ന് ഖത്തർ

ഗസ്സയുടെ പുനർനിർമാണത്തിൽ ഏതു റോളും വഹിക്കാൻ തയ്യാറാണെന്നും ഖത്തർ

Update: 2025-09-30 17:26 GMT
Editor : Thameem CP | By : Web Desk

ഫലസ്തീൻ രാഷ്ട്രം കടലാസിൽ മാത്രം ഒതുങ്ങരുതെന്ന് ഖത്തർ. ഇക്കാര്യത്തിൽ അന്താരാഷ്ട്ര സമൂഹത്തിന് നിയമപരവും ധാർമികവുമായ ഉത്തരവാദിത്തമുണ്ട്. ജനീവ യുഎൻ ഓഫീസിൽ നടന്ന മനുഷ്യാവകാശ കൗൺസിൽ സെഷനിൽ സംസാരിക്കവെ, കൗൺസിലിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഡോ. ഹിന്ദ് അബ്ദുറഹ്‌മാൻ അൽ മുഫ്താഹ് ആണ് ഫലസ്തീന്റെ ഭാവിയിൽ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ഫലസ്തീൻ അടക്കമുള്ള അറബ് പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശം പശ്ചിമേഷ്യയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണ്. ഫലസ്തീൻ എന്നത് കടലാസിൽ മാത്രം ഒതുങ്ങിക്കൂടാ. നിലവിൽ ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണ്. ഈ യുദ്ധം അവസാനിപ്പിക്കണം. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് അടിയന്തര മാനുഷിക സഹായങ്ങൾ എത്തിക്കുകയും വേണം- അവർ ആവശ്യപ്പെട്ടു.

Advertising
Advertising

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച ലോകരാജ്യങ്ങളുടെ പ്രഖ്യാപനങ്ങളെ ഡോ. ഹിന്ദ് അൽ മുഫ്താഹ് സ്വാഗതം ചെയ്തു. ദ്വിരാഷ്ട്ര പദ്ധതി മാത്രമാണ് ഫലസ്തീൻ - ഇസ്രായേൽ പ്രശ്‌നത്തിനുള്ള ഏക പരിഹാരമെന്നും അവർ ചൂണ്ടിക്കാട്ടി.

അതേസമയം, ഗസ്സയുടെ പുനർനിർമാണത്തിൽ ഏത് പങ്കും വഹിക്കാൻ ഖത്തർ തയാറാണെന്ന് വിദേശകാര്യ വക്താവ് ഡോ. മാജിദ് അൽ അൻസാരി പറഞ്ഞു. ദോഹയിൽ പ്രതിവാര വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം അവസാനിപ്പിക്കാനും ഗസ്സയുടെ പുനർനിർമാണത്തിനും എല്ലാവിധ പിന്തുണയും നൽകും. ഇക്കാര്യത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച നിർദേശങ്ങൾ ഉത്തരവാദിത്തത്തോടെ പരിശോധിക്കുമെന്ന് ഹമാസ് ഉറപ്പുനൽകിയിട്ടുണ്ട്. ഇതിന്റെ ഫലം പ്രവചിക്കാൻ സമയമായിട്ടില്ല. വിഷയത്തിൽ ഖത്തറിന് പ്രതീക്ഷയുണ്ടെന്നും മാജിദ് അൽ അൻസാരി വിശദീകരിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News