ആരാധകര്‍ക്ക് മുന്നില്‍ ഖത്തര്‍ ടീമിന്റെ പരിശീലനം
അല്‍ സദ്ദ് സ്റ്റേഡിയത്തില്‍ നടന്ന പരിശീലനം കാണാനാണ് ആരാധകര്‍ക്ക് അവസരം ലഭിച്ചത്
ദോഹ: ആരാധകരുടെ ആരവങ്ങള്‍ക്ക് നടുവില്‍ ഖത്തര്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലനം. അല്‍ സദ്ദ് സ്റ്റേഡിയത്തില്‍ നടന്ന പരിശീലനം കാണാനാണ് ആരാധകര്‍ക്ക് അവസരം ലഭിച്ചത്. നാല് മാസമായി വിദേശ പരിശീലനത്തിലായിരുന്നു ടീം. ലോകകപ്പ് ഫുട്ബോളിന് ആതിഥേയരാകുന്നു എന്നതിനൊപ്പം മഹാമേളയില്‍ ആദ്യമായി പന്തുതട്ടുന്നതിന്റെ ആവേശത്തിലാണ് ഖത്തറിലെ ഫുട്ബോള്‍ ആരാധകര്‍.
വീരയോധാക്കളുടെ പരിവേശമാണ് ഇപ്പോൾ ഖത്തരി താരങ്ങള്‍ക്ക്. നാല് മാസത്തിലേറെ നീണ്ട യൂറോപ്യന്‍ പര്യടനം, തുടര്‍ച്ചയായ സന്നാഹ മത്സരങ്ങള്‍, അവസാന മത്സരത്തില്‍ ചിലിയെ സമനിലയില്‍ തളച്ച് കരുത്ത് കാട്ടിയാണ് കോച്ച് സാഞ്ചസും സംഘവും നാട്ടുകാര്‍ക്ക് മുന്നിലെത്തിയത്. ലോകകപ്പ് മുന്നില്‍ക്കണ്ട് 27 അംഗ ടീമിനെ കഴിഞ്ഞ ദിവസം കോച്ച് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ നിന്നാണ് 26 അംഗ ടീമിനെ കണ്ടെത്തുക.
അക്രം അഫീഫും ഹസന്‍ ഹൈദോസും അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ പരിശീലനത്തിന് എത്തിയിരുന്നു.ഈ ആരാധകക്കൂട്ടം നല്‍കിയ ആരവങ്ങള്‍ ഊര്‍ജ്ജമാക്കി വെള്ളിയാഴ്ച ടീം വീണ്ടും സ്പെയിനിലേക്ക് പുറപ്പെടുകയാണ്. ഇനി നവംബറിലാണ് ഖത്തര്‍ ടീം തിരിച്ചെത്തുക. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഇക്വഡോറാണ് ഖത്തറിന്റെ എതിരാളികള്‍