'ആക്രമണം ഭരണകൂട ഭീകരത'; ഇസ്രായേലിനെ കടന്നാക്രമിച്ച് ഖത്തർ പ്രധാനമന്ത്രി
'ഗസ്സ മധ്യസ്ഥ ശ്രമങ്ങൾക്ക് മേൽ കൂടിയാണ് ഇസ്രായേൽ ആക്രമണം'
ദോഹ: ഖത്തറിൽ ഇസ്രായേൽ നടത്തിയ ആക്രമണം ഭരണകൂട ഭീകരതയാണെന്ന് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ബിൻ ജാസിം അൽഥാനി. ദോഹയിലെ അടിയന്തര ഉച്ചകോടിക്ക് മുന്നോടിയായുള്ള വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിലായിരുന്നു പ്രതികരണം.
ഖത്തർ ഗസ്സ മധ്യസ്ഥ ചർച്ച നടത്തുമ്പോഴായിരുന്നു ഇസ്രായേൽ ആക്രമണമെന്നും ഈജിപ്തും യുഎസുമായി ചേർന്ന് സമാധാന ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും കൂടിക്കാഴ്ചകൾ ഇല്ലാതാക്കാനേ ആക്രമണം ഉപകരിക്കൂവെന്നും ചൂണ്ടിക്കാട്ടി. ഏതെങ്കിലും സ്ഥലത്തിനു നേരെ മാത്രമല്ല, മധ്യസ്ഥ ശ്രമങ്ങൾക്കു മേലാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നും പറഞ്ഞു. ആക്രമണത്തെ യുഎൻ രക്ഷാസമിതി അപലപിച്ചതിനെ അഭിനന്ദിക്കുന്നതായും അക്കാര്യത്തിൽ അന്താരാഷ്ട്ര സമവായമുണ്ടായെന്നും പറഞ്ഞു. ഈ ആക്രമണമുഖത്ത് നിശ്ശബ്ദരായിരിക്കില്ലെന്നും വ്യക്തമാക്കി.
ആക്രമണം ഭീരുത്വവും വഞ്ചനയുമാണെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്‌മദ് അബുൽ ഗൈത് പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തിന്റെ നിഷ്‌ക്രിയത്വം കൂടുതൽ കുറ്റങ്ങൾ ചെയ്യാൻ കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖത്തറിനു വേണ്ടി അറബ് - ഇസ്‌ലാമിക കൂട്ടായ്മ വിപുലപ്പെടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടെന്ന് ഒഐസി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ പറഞ്ഞു. നാണക്കേടുണ്ടാക്കുന്ന യുദ്ധത്തിൽ നിന്ന് ഇസ്രായേൽ എന്ന ക്രിമിനൽ യന്ത്രത്തെ നിലക്കു നിർത്തേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അറബ് - ഇസ്‌ലാമിക രാഷ്ട്രങ്ങളിലെ വിദേശകാര്യമന്ത്രിമാർ ഇന്ന് ദോഹയിലെ റിറ്റ്‌സ് കാൾട്ടൺ ഹോട്ടലിലാണ് സമ്മേളിക്കുന്നത്. ഇസ്രായേൽ ആക്രമണത്തിനെതിരെ തയ്യാറാക്കിയ കരടു പ്രമേയം മന്ത്രിമാർ ചർച്ച ചെയ്യുകയാണ്. ഇതാകും തിങ്കളാഴ്ച നടക്കുന്ന ഉച്ചകോടിയിൽ അവതരിപ്പിക്കുക. അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിനെതിരെ ഒന്നിച്ചു നീങ്ങാൻ ലക്ഷ്യമിട്ടുള്ളതാകും പ്രമേയം.
സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ, തുർക്കി വിദേശകാര്യമന്ത്രി ഹാകാൻ ഫിദാൻ, പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് തുടങ്ങിയവർ ഇന്നലെ വൈകിട്ടു തന്നെ ദോഹയിലെത്തിയിരുന്നു. ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്‌കിയാൻ, തുർക്കി പ്രസിഡണ്ട് റജബ് ഉർദുഗാൻ, ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുദാനി തുടങ്ങിയവർ ഖത്തറിലെത്തിയതായി റിപ്പോർട്ടുണ്ട്.