ഖത്തറിലെ മെട്രാഷ് രണ്ട് ആപ്ലിക്കേഷൻ ഇനി ഓർമ

ഇന്നുമുതൽ സേവനങ്ങൾ പുതിയ മെട്രാഷ് ആപ്ലിക്കേഷനിലൂടെ

Update: 2025-03-01 17:19 GMT

ദോഹ: ഖത്തറിലെ വിവിധ ഗവൺമെൻറ് സേവനങ്ങൾ നൽകിയ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് രണ്ട് ആപ്ലിക്കേഷൻ ഇനി ഓർമ. ഇന്നുമുതൽ ഈ സേവനങ്ങളെല്ലാം പുതിയ മെട്രാഷ് ആപ്ലിക്കേഷനിലാണ് ലഭ്യമാകുക.

വിസ അപേക്ഷ മുതൽ ട്രാഫിക്, ജനറൽ സേവനങ്ങളെല്ലാം അടക്കം ഖത്തറിലെ ഗവൺമെൻറ് സേവനങ്ങളിലേക്കുള്ള സിംഗിൾ വിൻഡോയായിരുന്നു മെട്രാഷ് 2. പ്രവാസികൾക്കും സ്വദേശികൾക്കും ഒരു പോലെ ഉപയോഗപ്രദമായിരുന്ന മെട്രാഷ് രണ്ട് ആപ്പ് മാർച്ച് ഒന്നിന് പ്രവർത്തന രഹിതമാകുമെന്ന് രണ്ടാഴ്ച മുമ്പു ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

കൂടുതൽ സൗകര്യങ്ങളോടെയാണ് പുതിയ മെട്രാഷ് ആപ്ലിക്കേഷൻ മന്ത്രാലയം അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ആപ്ലിക്കേഷൻ എല്ലാവരും ഡൗൺലോഡ് ചെയ്യണമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. കഴിഞ്ഞ ഡിസംബറിലാണ് മെട്രാഷ് പുതിയ പതിപ്പ് പുറത്തിറക്കിയത്. പുതിയ പെയ്‌മെന്റ് സംവിധാനം, വ്യക്തിഗത ഓഥറൈസേഷൻ, സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷ, റീപ്രിന്റ്, ഭാര്യയുടെയും കുട്ടികളുടെയും വിവരങ്ങൾ റജിസ്റ്റർ ചെയ്യൽ തുടങ്ങിയ സേവനങ്ങളും പുതിയ ആപ്പിൽ ലഭ്യമാണ്.

റസിഡൻസി പെർമിറ്റ് അപേക്ഷിക്കൽ, പുതുക്കൽ, ഡ്രൈവിങ് ലൈസൻസ്, ഗതാഗത ലംഘനം റിപ്പോർട്ട് ചെയ്യൽ തുടങ്ങിയവ ഉൾപ്പെടെ 250ൽ അധികം സേവനങ്ങളാണ് മെട്രാഷിലുള്ളത്. ആപ്പ് സ്റ്റോർ, ഗൂഗ്ൾ പ്ലേ സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News