ഖത്തര്‍ ശൂറാകൗൺസിൽ തെരഞ്ഞെടുപ്പ് നാളെ

ഖത്തറിന്‍റെ ചരിത്രത്തിലാദ്യമായാണ് ശൂറാ കൗൺസിൽ ജനാധിപത്യ രീതിയില്‍ വോട്ടെടുപ്പ് നടക്കുന്നത്

Update: 2021-10-01 16:43 GMT

ഖത്തര്‍ നിയമനിര്‍മ്മാണ സഭയായ ശൂറാ കൗണ്‍സിലിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് നാളെ. രാജ്യത്തെ മൊത്തം 30 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഖത്തറിന്‍റെ ചരിത്രത്തിലാദ്യമായാണ് ശൂറാ കൗൺസിൽ ജനാധിപത്യ രീതിയില്‍ വോട്ടെടുപ്പ് നടക്കുന്നത്

രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ തെരെഞ്ഞടുപ്പിനാണ് നാളെ ഖത്തര്‍ സാക്ഷ്യം വഹിക്കുന്നത്. നിയമനിര്‍മ്മാണ സഭയായ ശൂറാ കൗണ്‍സിലിലേക്ക് ജനാധിപത്യ രീതിയില്‍ നടക്കുന്ന പ്രഥമ വോട്ടെടുപ്പ് നാളെ രാവിലെ എട്ടിന് ആരംഭിക്കും. വൈകീട്ട് ആറ് വരെയാണ് വോട്ടിങ്. ശൂറാ കൗണ്‍സിലിലേക്കുള്ള 45 അംഗങ്ങളില്‍ 30 അംഗങ്ങളെയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. രാജ്യത്തെ മൊത്തം 30 മണ്ഡലങ്ങളായി തിരിച്ചാണ് വോട്ടെടുപ്പ്. മുപ്പത് മണ്ഡലങ്ങളിലും സജ്ജീകരിച്ച പോളിങ് സ്റ്റേഷനുകളുടെ വിവരങ്ങള്‍ ഇതിനകം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.

Advertising
Advertising

വോട്ടേഴ്സ് ലിസ്റ്റില്‍ പേരുള്ള ഖത്തരി പൗരന്മാര്‍ക്കാണ് വോട്ട് ചെയ്യാനാവുക. ഖത്തറില്‍ ജനിച്ച, ഖത്തരി പൗരത്വമുള്ള, പിതാമഹന്‍ ഖത്തരിയായ, പതിനെട്ട് വയസ്സ് തികഞ്ഞവര്‍ക്കാണ് വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാനാവുക. തെരഞ്ഞെടുപ്പിനായുള്ള പരസ്യപ്രചാരണം ഇന്ന് രാവിലെ എട്ട് മണിയോടെ അവസാനിച്ചു.  27 സ്ത്രീകള്‍ ഉള്‍പ്പെടെ 252 പേരാണ് നിലവില്‍ മത്സരരംഗത്തുള്ളത്. നാളെ വോട്ടെണ്ണല്‍ അവസാനിക്കുന്നതിന് പിന്നാലെ തന്നെ ഫലം പ്രഖ്യാപിക്കും. തുല്യ എണ്ണം വോട്ടുകള്‍ ലഭിക്കുന്ന മുറയ്ക്ക് തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍റെ വോട്ട് രേഖപ്പെടുത്തി വിജയിയെ നിശ്ചയിക്കും. ഫ്ലക്സ് ബോര്‍ഡുകളും ബാനറുകളും ദേശീയ ടെലിവിഷന്‍ വഴിയുള്ള പരിപാടികളും വോട്ടഭ്യര്‍ത്ഥനായോഗങ്ങളുമായിരുന്നു പ്രധാന പ്രചാരണ മാര്‍ഗങ്ങള്‍.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News