മികച്ച വ്യവസായ സംരംഭക രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലെത്തി യുഎഇയും ഖത്തറും
വ്യവസായ സംരംഭകരുടെ മികച്ച 10 രാജ്യങ്ങളില്‍ ഇടംപിടിച്ച് യുഎഇയും ഖത്തറും. 2022 ലെ മികച്ച സംരംഭകര്‍ക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇ ഒന്നാമതെത്തിയപ്പോള്‍ ഒമ്പതാം സ്ഥാനമാണ് ഖത്തര്‍ നേടിയത്. ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് മോണിറ്റര്‍ (GEM) ആണ് ഓരോ വര്‍ഷവും, ദേശീയ സംരംഭകത്വ താരതമ്യ പട്ടിക പുറത്തിറക്കുന്നത്.
പുതിയ ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളുടെ റാങ്ക്പട്ടിക തയാറാക്കുന്നത്. ലോകമെമ്പാടുമുള്ള 50 രാജ്യങ്ങളിലെ സംരംഭകരുടെ അവസ്ഥകളാണ് ഇത്തവണ വിലയിരുത്തിയത്. നെതര്‍ലന്‍ഡ്സ്, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് യുഎഇക്ക് തൊട്ടു പിറകിലുള്ളത്.
ഖത്തര്‍ ജനസംഖ്യയുടെ 73.8 ശതമാനവും തങ്ങളുടെ താമസസ്ഥളങ്ങളില്‍ ഒരു ബിസിനസ്സ് ആരംഭിക്കാന്‍ നല്ല അവസരങ്ങള്‍ കണ്ടെത്തുന്നവരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2020 ല്‍ ഈ തോത് 72.3 ശതമാനമായിരുന്നു. ആളോഹരി വരുമാനം കൂടുതലുള്ള രാജ്യങ്ങളാണ് ഈ പട്ടികയില്‍ മുന്‍നിരയിലെത്തിയിരിക്കുന്നത്.