1.2 കോടി പേർക്ക് സഹായമെത്തും...; 2026ലെ പ്രവർത്തന പദ്ധതികൾ പ്രഖ്യാപിച്ച് കെ.എസ് റിലീഫ്
44 രാജ്യങ്ങളിലായി 113 പദ്ധതികൾ നടപ്പാക്കും
റിയാദ്: കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആന്റ് റിലീഫ് സെന്ററിന്റെ 2026ലെ പ്രവർത്തന പദ്ധതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്നലെ റിയാദിൽ നടന്ന ചടങ്ങിൽ മാനുഷിക സഹായ പദ്ധതികൾ, റിലീഫ് പ്രോജക്ടുകൾ, വോളന്റിയർ പ്രോഗ്രാമുകൾ തുടങ്ങി 1.2 കോടി പേർക്ക് പ്രയോജനമാകുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചത്. 11 സൗദി നോൺ-പ്രോഫിറ്റ് സംഘടനകളുമായി സഹകരിച്ച് 44 രാജ്യങ്ങളിൽ 113 പദ്ധതികൾ നടപ്പാക്കും. മൊത്തം ചെലവ് 40 കോടി റിയാൽ ആണ് പ്രതീക്ഷിക്കുന്നത്. 2026-ലെ വോളന്റിയർ പ്രോഗ്രാമുകളുടെ പ്ലാനും ലോഞ്ച് ചെയ്തു. 42 രാജ്യങ്ങളിൽ 309 പ്രോഗ്രാമുകൾ ഉൾപ്പെടുന്ന പദ്ധതികളുടെ ആകെ ചെലവ് 20 കോടി റിയാൽ ആണ്.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കെ.എസ് റിലീഫ് ലോകത്തിലെ പ്രമുഖ മാനുഷിക സ്ഥാപനങ്ങളിലൊന്നായി മാറിയതായി സൂപ്പർവൈസർ ജനറൽ ഡോ. അബ്ദുല്ല അൽ റബീഅ് പറഞ്ഞു. യു.എൻ ഫിനാൻഷ്യൽ ട്രാക്കിങ് സർവീസ് പ്രകാരം 2025-ൽ മാനുഷിക സഹായത്തിൽ സൗദി അറേബ്യ ലോകത്ത് രണ്ടാം സ്ഥാനത്തും അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തുമാണ്. യമനിലേക്കുള്ള ആകെ സഹായത്തിന്റെ 49.3 ശതമാനവും സൗദി അറേബ്യ നൽകിയതായും അദ്ദേഹം എടുത്തുകാട്ടി. ചടങ്ങിൽ ഗവൺമെന്റ് സ്ഥാപനങ്ങളിലെയും സംഘടനകളിലെയും പ്രധാന ദാതാക്കളെയും പങ്കാളികളെയും ആദരിച്ചു. അറബ്, വിദേശ രാജ്യങ്ങളിലെ അംബാസഡർമാർ, മാനുഷിക-റിലീഫ് സംഘടനകളുടെ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പ്രാദേശിക അസോസിയേഷനുകളുമായി മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ് (MoUs) ഒപ്പുവെച്ച് കൊണ്ടായിരുന്നു ചടങ്ങിന്റെ സമാപനം.