ഇനി കളിച്ചും ചിരിച്ചുമിരിക്കാം; ഹാഇലിന്റെ വിവിധ ഭാഗങ്ങളിൽ 46 പുതിയ പാർക്കുകൾ വരുന്നു
കുട്ടികൾക്കായി 62 കളിസ്ഥലങ്ങളും ഈ പാർക്കുകളുടെ ഭാഗമായി സജ്ജീകരിക്കും
ജിദ്ദ: സൗദിയിലെ ഹാഇലിന്റെ വിവിധ ഭാഗങ്ങളിൽ താമസക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായി മുനിസിപ്പാലിറ്റി 46 പുതിയ പാർക്കുകൾ ഒരുക്കുന്നു. താമസ സ്ഥലങ്ങളോട് ചേർന്ന് തന്നെ പച്ചപ്പും വിനോദ ഇടങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആകെ 354,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പ്രദേശമാണ് ഈ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുക. ഇതിൽ 92,000 ചതുരശ്ര മീറ്ററിലധികം സ്ഥലത്ത് പച്ചപ്പ് നിറഞ്ഞ ഉദ്യാനങ്ങൾ ഒരുക്കും. കുട്ടികൾക്കായി 62 കളിസ്ഥലങ്ങളും ഈ പാർക്കുകളുടെ ഭാഗമായി സജ്ജീകരിക്കും.
നഗരത്തിന്റെ സൗന്ദര്യവത്കരണത്തിനും മെച്ചപ്പെട്ട പൊതു സൗകര്യങ്ങൾ ഒരുക്കുന്നതിനും വേണ്ടി മുനിസിപ്പാലിറ്റി നടത്തുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഈ പദ്ധതി. ഇത് താമസക്കാർക്ക് ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക വിനോദങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സഹായിക്കും. കൂടാതെ 'ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമി'ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇത് മുതൽക്കൂട്ടാകുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.