9.04 ലക്ഷം; റമദാൻ നാലാം ദിനത്തിൽ റെക്കോർഡ് ഉംറ തീർഥാടകർ

മറികടന്നത് 2025 മാർച്ച് ഏഴിലെ 5 ലക്ഷം തീർഥാടകരുടെ റെക്കോർഡ്

Update: 2026-02-25 11:29 GMT

മക്ക: ഫെബ്രുവരി 21 ശനിയാഴ്ച റമദാൻ നാലാം ദിനത്തിൽ ഉംറ നിർവഹിച്ചത് 9.04 ലക്ഷം തീർഥാടകർ. ഇരു ഹറം കാര്യാലയമാണ് ഉംറ തീർഥാടകരുടെ എണ്ണത്തിലെ പുതിയ റെക്കോർഡ് പ്രഖ്യാപിച്ചത്. 2025 മാർച്ച് 7 ന് എത്തിയ 5 ലക്ഷം തീർഥാടകരുടെ റെക്കോർഡാണ് ഇതിലൂടെ മറികടന്നത്. തീർഥാടകരുടെ എണ്ണത്തിൽ വർധന ഉണ്ടാകുന്നതിനാൽ റമദാനിൽ വൻ സുരക്ഷയാണ് ഹറമിൽ സൗദി അധികൃതർ ഒരുക്കിയിരിക്കുന്നത്.

മതാഫ് ഏരിയ (കഅബക്ക് ചുറ്റുമുള്ള, വെളുത്ത മാർബിളിട്ട തുറന്ന സ്ഥലം) ഉംറ നിർവഹിക്കുന്നവർക്ക് മാത്രമായി നീക്കിവച്ചിട്ടുണ്ട്. റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ, പ്രത്യേകിച്ച് വെള്ളിയാഴ്ച, മഗ്‌രിബ്, ഇശാ, തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങളിൽ പ്രാർഥനാ സ്ഥലങ്ങൾ വേഗത്തിൽ നിറയും. അതിനാൽ ലഭ്യമായ ഇടങ്ങളിലേക്ക് പോകണമെന്നാണ് നിർദേശം. അതേസമയം, പള്ളിയുടെ കവാടങ്ങളിലൂടെയുള്ള നീക്കം ദിശാസൂചനകൾ പാലിച്ചായിരിക്കണം. നടപ്പാതകളിലും റോഡുകളിലും മുറ്റങ്ങളിലും ഒത്തുകൂടുന്നത് നിരോധിച്ചിട്ടുണ്ട്. ഹറം പള്ളിക്ക് ചുറ്റുമുള്ള ജനക്കൂട്ടവും തിരക്കും നിയന്ത്രിക്കാൻ മധ്യഭാഗത്ത് ഗതാഗത നിയന്ത്രണങ്ങളും കാൽനടയാത്രക്കാർക്ക് മാത്രമുള്ള പാതകളും നടപ്പാക്കിയിട്ടുണ്ട്.

കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 14 നിയുക്ത പാർക്കിങ് ഏരിയകളിൽ നിന്നും പൊതു ബസുകൾ വഴിയാണ് തീർഥാടകർ സഞ്ചരിക്കുക. ഹറമിൽ ഒമ്പതും അവിടേക്കുള്ള റോഡുകളിൽ അഞ്ചുമായാണ് 14 പാർക്കിങ് ഏരിയകൾ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News