റമദാനിൽ 3.6 ലക്ഷം ഉംറ തീർഥാടകർക്ക് സൗജന്യ മുടി മുറിക്കൽ സേവനം

12 മൊബൈൽ യൂണിറ്റുകൾ, പുരുഷന്മാർക്ക് 10, സ്ത്രീകൾക്ക് 2

Update: 2026-02-25 11:34 GMT

മക്ക: റമദാനിൽ 3.6 ലക്ഷം ഉംറ തീർഥാടകർക്ക് സൗജന്യ മുടി മുറിക്കൽ സേവനം ലഭിക്കും. തഹല്ലുൽ സേവനം നവീകരിച്ചതോടെയാണിത്. മർവാ ഗേറ്റിനും ഹറം പള്ളിയുടെ കിഴക്കൻ മുറ്റത്തിനും സമീപമാണ് സൗജന്യം സേവനം ലഭിക്കുക. പുരുഷന്മാർക്കും സ്ത്രീകൾക്കുമായി നിയുക്ത സ്ഥലങ്ങളുണ്ടാകും. 12 മൊബൈൽ മുടി മുറിക്കൽ യൂണിറ്റുകൾ സീസണിൽ ഏകദേശം 3.6 ലക്ഷം ഗുണഭോക്താക്കൾക്ക് സേവനം നൽകും.

വർഷത്തിൽ എട്ട് മൊബൈൽ യൂണിറ്റുകളാണ് തഹല്ലുൽ സർവീസിനായുണ്ടാകാറുള്ളത്. പുരുഷന്മാർക്ക് ആറ്, സ്ത്രീകൾക്ക് രണ്ട് എന്നിങ്ങനെ. എന്നാൽ റമദാനിൽ ഇത് 12 ആയി വർധിപ്പിച്ചു. പുരുഷന്മാർക്ക് 10, സ്ത്രീകൾക്ക് രണ്ട് എന്നീ ക്രമത്തിലാണ് വർധന. ഇതുവരെ രണ്ട് ദശലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് സേവനം ലഭിച്ചിട്ടുണ്ട്. പ്രതിമാസം ശരാശരി 2,10,000 തീർഥാടകരും ദിവസേന ശരാശരി 7000 തീർഥാടകരും സേവനം ഉപയോഗിക്കുന്നു.

ഉംറ കർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം ഇഹ്റാമിൽ നിന്ന് പുറത്തുകടക്കുന്നതാണ് തഹല്ലുൽ. മുടി മുറിച്ചാണ് ഇത് ചെയ്യുക. ഏറ്റവും കൂടുതൽ തീർഥാടകരെത്തുന്ന ഉംറ സീസണാണ് റമദാൻ. ഇത് കണക്കിലെടുത്താണ് ഇരുഹറം കാര്യാലയം സേവനം മെച്ചപ്പെടുത്തുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഉപകരണങ്ങളും സേവന മേഖലയും തുടർച്ചയായി അണുവിമുക്തമാക്കുന്നുണ്ട്. ഏകദേശം നാല് മിനിറ്റാണ് ശരാശരി കാത്തിരിപ്പ് സമയം. സേവനം രണ്ട് മിനിറ്റിൽ കൂടുതൽ എടുക്കില്ല.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News