അൽ അഖ്സയിലെ അതിക്രമം; ഇസ്രയേലിനെ സമ്മർദത്തിലാക്കാൻ ജിദ്ദയിൽ ഇസ്‌ലാമിക രാജ്യങ്ങളുടെ അടിയന്തര യോഗം

ഐക്യരാഷ്ട്ര സഭയിൽ അംഗങ്ങളായ എല്ലാ രാജ്യങ്ങളും വിഷയം സഭയിലും സുരക്ഷാ കൗൺസിലിലും ഉന്നയിക്കും.

Update: 2023-04-09 18:23 GMT
Advertising

റിയാദ്: അൽ അഖ്സയിലെ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിനെ സമ്മർദത്തിലാക്കാൻ 57 ഇസ്‌ലാമിക രാജ്യങ്ങളുടെ തീരുമാനം. ജിദ്ദയിൽ ചേർന്ന ഇസ്‌ലാമിക രാജ്യങ്ങളുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. ഇസ്രയേൽ നടത്തുന്ന നീക്കത്തിനെതിരെ യു.എന്നിൽ വിഷയമുന്നയിക്കാനും യോഗത്തിൽ തീരുമാനിച്ചു.

ഐക്യരാഷ്ട്ര സഭയിൽ അംഗങ്ങളായ എല്ലാ രാജ്യങ്ങളും വിഷയം സഭയിലും സുരക്ഷാ കൗൺസിലിലും ഉന്നയിക്കും. ഇസ്‌ലാമിക രാജ്യങ്ങളിൽ കൂട്ടായ്മയായ ഒ.ഐ.സിയിൽ ഇസ്രയേലുമായി നയതന്ത്ര ബന്ധമുള്ള തുർക്കി, യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളുണ്ട്. അവർ സ്ഥാനപതികൾ വഴി ഇസ്രയേലിനെ പ്രതിഷേധം അറിയിക്കും.

സൗദിയുൾപ്പെടെയുള്ള ഭൂരിഭാഗം ഇസ്‌ലാമിക രാജ്യങ്ങൾക്കും ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ല. അവർ ഇസ്രയേലുമായി മികച്ച ബന്ധമുള്ള രാജ്യങ്ങൾ വഴി പ്രതിഷേധം അറിയിക്കും. അക്രമത്തിൽ നിന്നും ഇസ്രയേലിനെ പിന്തിരിപ്പിക്കാൻ ശ്രമങ്ങളും നടത്തും. ലോകത്തെ പ്രധാന രാജ്യങ്ങൾ വഴിയും ഒ.ഐ.സി ഇസ്രയേലിനെതിരെ പ്രതിഷേധ നീക്കം നടത്താൻ യോഗം തീരുമാനിച്ചു.

ഇസ്രയേൽ വിഷയത്തിൽ ഒ.ഐ.സി, അറബ് ലീഗ് ഉൾപ്പെടെയുള്ള വേദികൾ വഴി ഏകോപനം തുടരാനും അംഗരാജ്യങ്ങളോട് യോഗം ആവശ്യപ്പെട്ടു. അൽ അഖ്സ പള്ളിയിൽ തുടരെ അതിക്രമിച്ച് കയറുന്നതും വിശ്വാസികളെ ആക്രമിക്കുന്നതും ഇസ്രയേൽ തുടരുകയാണ്. ഇതിനിടയിലാണ് 57 ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയുടെ യോഗം.

ഇസ്രയേലിന്റെ അധിനിവേശം ചെറുക്കുന്ന ഫലസ്തീൻ ജനതയുടെ ധീരതയ്ക്കും യോഗം പിന്തുണ പ്രഖ്യാപിച്ചു. സാധ്യമാകുന്ന എല്ലാ സഹായങ്ങളും ഫലസ്തീന് അംഗ രാജ്യങ്ങൾ നൽകും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News