വൈദ്യുതി സേവനത്തിലെ വീഴ്ച: സൗദിയിൽ ഉപഭോക്താക്കൾക്ക് ഓട്ടോമാറ്റിക് നഷ്ടപരിഹാരം
വൈദ്യുതി മുടക്കം രണ്ട് ദിവസം മുമ്പ് അറിയിക്കാതിരുന്നാൽ 100 റിയാൽ
റിയാദ്: വൈദ്യുതി സേവനത്തിലെ വീഴ്ചകൾക്ക് പകരമായി ഉപഭോക്താക്കൾക്ക് ഓട്ടോമാറ്റിക് നഷ്ടപരിഹാര സംവിധാനമൊരുക്കി സൗദി. പത്ത് പ്രവൃത്തി ദിവസങ്ങൾക്കുള്ളിലായിരിക്കും തുക ലഭിക്കുക. സൗദി വൈദ്യുതി റെഗുലേറ്ററി അതോറിറ്റിയുടേതാണ് തീരുമാനം.
നഷ്ടപരിഹാരത്തിനായി ഇലക്ട്രിസിറ്റി സർവീസ് സ്റ്റാൻഡേർഡ് ഗൈഡ് സൗദി വൈദ്യുതി റെഗുലേറ്ററി അതോറിറ്റി പുറത്തിറക്കി. വരാനിരിക്കുന്ന ബില്ലിൽ ക്രെഡിറ്റ് ചെയ്തോ, ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ട്രാൻസ്ഫർ ചെയ്തോ ഉപഭോക്താവിന് പണം ലഭിക്കും. ഇതിനായി പ്രത്യേകം പരാതി നൽകേണ്ടതില്ല. ബിൽ അടച്ച ശേഷം വൈദ്യുതി രണ്ട് മണിക്കൂറിനുള്ളിൽ ലഭിച്ചില്ലെങ്കിൽ 100 റിയാലും ഓരോ അധിക മണിക്കൂറിനും 100 റിയാലുമായിരിക്കും ലഭിക്കുക. പണമടച്ചിട്ടും കണക്ഷൻ വൈകിയാൽ 400 റിയാലും വൈകുന്ന ഓരോ ദിവസത്തിനും 20 റിയാലും നഷ്ട പരിഹാരമായി ലഭിക്കും.
സർവീസ് തടസ്സം രണ്ട് ദിവസം മുമ്പ് അറിയിക്കാതിരുന്നാൽ 100 റിയാലും അപ്രതീക്ഷിത വൈദ്യുതി വിച്ഛേദനം മൂന്ന് മണിക്കൂറിന് മുകളിലായി തുടരുകയാണെങ്കിൽ 50 റിയാലുമായിരിക്കും ലഭിക്കുക. വൈദ്യുതി സേവനത്തിലെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ഉപഭോക്താവിന്റെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയവയുടെ ഭാഗമായാണ് നീക്കം.