റമദാനിൽ ഇത്തവണ സൗദിയിൽ മികച്ച കാലാവസ്ഥ: കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

റമദാൻ 1 മാർച്ച് ഒന്നിനായേക്കും

Update: 2025-02-12 16:37 GMT

ജിദ്ദ: സൗദിയിൽ റമദാനിൽ ഇത്തവണ മികച്ച കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വടക്കൻ അതിർത്തി പ്രവിശ്യകളിൽ തണുപ്പിലായിരിക്കും റമദാൻ വ്രതം ആരംഭിക്കുക. മികച്ച കാലാവസ്ഥയിലാകുന്നത് വിശ്വാസികൾക്ക് ഏറെ ആശ്വാസമാകും.

സൗദിയിലെ വസന്തകാലത്തിന്റെ തുടക്കത്തിലാണ് ഇത്തവണ റമദാൻ വിരുന്നിനെത്തുക. ഇതിനാൽ മെച്ചപ്പെട്ട കാലാവസ്ഥയിലായിരിക്കും നോമ്പുകാലം. സൗദിയുടെ വടക്കൻ അതിർത്തി പ്രദേശങ്ങൾ ഹായിൽ, തബൂക് എന്നീ മേഖലകളിൽ നേരിയ തണുപ്പിലായിരിക്കും റമദാനെത്തുക. പ്രഭാതം മുതൽ സൂര്യാസ്തമനം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ചാണ് ഓരോ വിശ്വാസിയും വ്രതം എടുക്കുന്നത്. ഇത് മികച്ച കാലാവസ്ഥയിലാകുന്നത് വിശ്വാസികൾക്ക് ഏറെ ആശ്വാസമാകും.

Advertising
Advertising

കഴിഞ്ഞ വർഷങ്ങളിൽ ഉഷ്ണകാലത്തായിരുന്നു റമദാൻ എത്തിയിരുന്നത്. ലോകത്തിന്റെ വിവിധ ദിക്കുകളിൽ നിന്നുള്ള ലക്ഷക്കണക്കിന് വിശ്വാസികളാണ് തീർത്ഥാടനത്തിനായി മക്കയിലും മദീനയിലും എത്തുക. റമദാൻ മാസത്തിലെ പ്രാർത്ഥനകൾക്ക് ഇരട്ടി പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വസം.

റമദാനിലുള്ള തിരക്ക് പരിഗണിച്ച് മികച്ച സംവിധാനങ്ങൾ പുണ്യ നഗരങ്ങളിൽ വിശ്വാസികളെ സ്വീകരിക്കാൻ ഒരുക്കിക്കഴിഞ്ഞു. ചാന്ദ്രമാസത്തിലെ ഒമ്പതാം മാസമാണ് മുസ്‌ലിംകൾ വ്രതം അനുഷ്ഠിക്കുക. ഇത്തവണ മാർച്ച് ഒന്നിനാണ് റമദാൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News