മദീന അപകടം: മരിച്ച മലയാളികൾക്ക് ജന്നത്തുൽ ബഖീഇൽ അന്ത്യനിദ്ര
ഖബറടക്കത്തിൽ പങ്കാളികളായി വൻ ജനാവലി
റിയാദ്: മദീന ഹൈവേയിലെ അപകടത്തിൽ മരണപ്പെട്ട മലയാളികളെ മദീന ഹറമിലെ ജന്നത്തുൽ ബഖീഇൽ ഖബറടക്കി. മലപ്പുറം വെള്ളില സ്വദേശിയായ ജലീലിനും ഭാര്യ തസ്‌നിക്കും മകൻ 13കാരൻ ആദിലിനും ജലീലിന്റെ മാതാവ് മൈമൂനത്തിനും വികാരനിർഭര യാത്രായയപ്പാണ് മദീന നൽകിയത്. മക്കളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രവാസികളുമടക്കം വൻ ജനാവലി പ്രാർഥനക്കായി എത്തിയിരുന്നു.
മദീന സന്ദർശനം കഴിഞ്ഞ് മടങ്ങവേയാണ് അപകടം. ഹൈവേയിൽ നേരെ പോകുകയായിരുന്ന ട്രെയിലർ വിലങ്ങനെ റോഡിലേക്ക് തിരിഞ്ഞതോടെയായിരുന്നു ദുരന്തം. അപകടത്തിൽ മരിച്ചവരുടെ മൃതദേഹം വീണ്ടും മദീനയിലേക്ക് കൊണ്ടു വന്ന് പുലർച്ചെ നടപടികൾ പൂർത്തിയാക്കുകയായിരുന്നു. മദീന ഹറമിൽ സുബഹി നമസ്‌കാരത്തിന് ശേഷം പ്രാർഥന. തുടർന്ന് പ്രവാചക കുടുംബവും അനുചരന്മാരും അന്തിയുറങ്ങുന്ന ജന്നത്തുൽ ബഖീഇൽ ഖബറടക്കി.
മക്കളും കുടുംബവും സുഹൃത്തുക്കളും പ്രവാസികളും ഉൾപ്പെടെ വൻ ജനാവലി ഖബറടക്കത്തിൽ പങ്കുചേർന്നു. അപകടത്തിൽ പെട്ട് പരിക്കേറ്റ ജലീലിന്റെ മൂന്ന് പെൺമക്കളിൽ രണ്ട് പേർ ഇപ്പോഴും ചികിത്സയിലാണ്. നാട്ടിൽ നിന്നെത്തിയ മൂന്ന് മക്കളും ചേർന്ന് ഉമ്മക്കും ഉപ്പയ്ക്കും അനിയനും വല്യുമ്മക്കും കണ്ണീരോടെ പ്രാർഥനകളോടെ വിട നൽകി. ജലീൽ ബാക്കി വെച്ചു പോയ ആറ് മക്കൾ മദീനയിലുണ്ട്. അപകടം നടക്കുമ്പോൾ നാല് മക്കളാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ചെറിയ പെൺകുട്ടി ആശുപത്രി വിട്ടിരുന്നു. രണ്ടാമത്തെ മകൾ ഹാദിയ ഫാത്തിമ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. 15 വയസ്സുകാരി ആയിഷ സുഖം പ്രാപിച്ച് വരുന്നു. ബാക്കി വെച്ചുപോയ ആറ് മക്കളേയും ചേർത്ത് പിടിക്കാൻ ജലീലിന്റെ സഹോദരിമാരും മക്കളും നാട്ടിൽ നിന്നെത്തിയിരുന്നു. മദീന കെഎംസിസി വെൽഫെയർ വിങിന് കീഴിലെ രാപ്പകലുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് നടപടികൾ വേഗത്തിൽ പൂർത്തീകരിച്ചത്.