റിയാദിലെ സിപിഎം പോഷകസംഘടന കേളിയുടെ സിൽവർ ജൂബിലി ആഘോഷ പരിപാടികൾ പ്രഖ്യാപിച്ചു
നവംബർ മുതൽ പതിമൂന്ന് മാസം നീണ്ടുനിൽക്കുന്നതാണ് പരിപാടികൾ
റിയാദ്: സിപിഎമ്മിന്റെ റിയാദിലെ പോഷകഘടകമായ കേളി കലാ-സാംസ്കാരിക വേദി സിൽവർ ജൂബിലി പരിപാടികൾ പ്രഖ്യാപിച്ചു. ഒരു വർഷം നീളുന്ന പരിപാടികളിൽ കേരളത്തിൽ നിന്നുള്ള പ്രമുഖർ പങ്കാളികളാകും. കലാ സാഹിത്യ സാംസ്കാരിക പരിപാടികളും കായിക വിനോദ പരിപാടികളും ഉൾക്കൊള്ളുന്നതാണ് വാർഷികാഘോഷം. നവംബർ മുതൽ പതിമൂന്ന് മാസം നീണ്ടുനിൽക്കുന്നതാണ് പരിപാടികൾ. റിയാദിൽ വിളിച്ചുചേർത്ത വിവിധ സംഘടനകളുടെ സാന്നിധ്യത്തിൽ ഇതിന്റെ പ്രഖ്യാപനം നടത്തി. 2001 ജനുവരി ഒന്നിന് രൂപീകരിക്കപ്പെട്ട കേളി രണ്ടര പതിറ്റാണ്ട് നീണ്ട സംഘടനാ പ്രവർത്തനങ്ങളുടെ ആഘോഷത്തിലേക്ക് കടക്കുകയാണ്.
വിദ്യാർഥികൾക്കായൊരുക്കുന്ന ബ്രെയിൻ ബാറ്റിലോടെയാണ് ആഘോഷങ്ങളുടെ തുടക്കം. മലയാള സാഹിത്യകാരന്മാർ പങ്കെടുക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവൽ, മെഗാ ഷോ, നാടക ഫിലിം സംഗീത നിശകൾ എന്നിവയും വിവിധ പ്രായക്കാർക്കുള്ള കായിക പരിപാടികളുമുണ്ടാകും. പരിപാടികളിൽ സംബന്ധിക്കാൻ നാട്ടിൽ നിന്ന് അതിഥികളെത്തും. സൗദിയിലെ കേഡർ സംഘടനകളിലൊന്നാണ് കേളി. സിൽവർ ജൂബിലി ആഘോഷം കേളിയുടെ പ്രവർത്തനങ്ങളുടെ കൂടി ആഘോഷമാകും.