ദുൽഹജ്ജ് പിറന്നു:ഹജ്ജിന്റെ തിരക്കിലേക്ക് വിശ്വാസി ലക്ഷങ്ങൾ

പങ്കെടുക്കുക 20 ലക്ഷത്തോളം പേർ, 12 ലക്ഷത്തിലേറെ പേരെത്തി

Update: 2025-05-28 05:17 GMT

മക്ക: ദുൽഹജ്ജ് മാസം പിറന്നതോടെ ഹജ്ജിന്റെ തിരക്കിലേക്ക് നീങ്ങുകയാണ് വിശ്വാസി ലക്ഷങ്ങൾ. ജൂൺ ആറിനാണ് അറഫാ സംഗമം. 20 ലക്ഷത്തോളം പേർ പങ്കെടുക്കുന്ന ഹജ്ജിനായി 12 ലക്ഷത്തിലേറെ തീർഥാടകർ ഇതിനകം എത്തിയിട്ടുണ്ട്. ജൂൺ നാലിനാണ് ഹാജിമാർ മിനായിലേക്ക് കർമങ്ങൾക്കായി നീങ്ങുക. മക്കയിലെ താമസസ്ഥലത്ത് നിന്ന് തീർഥാടകർ അതിനായി മിനായിലേക്കൊഴുകും. ജൂൺ അഞ്ചിന് ഹജ്ജിന്റെ ആത്മാവായ അറഫാ സംഗമം. 20 ലക്ഷത്തോളം വിശ്വാസികൾ അന്നവിടെ സംഗമിക്കും.

ലോകത്തെ വിശ്വാസി സമൂഹം അറഫയിലെത്തിയവർക്ക് വ്രതത്തിലൂടെ ഐക്യദാർഢ്യം നൽകും. അറഫയുടെ പകൽ പിന്നിട്ടാൽ രാത്രിയോടെ ഹാജിമാർ മുസ്ദലിഫയിലെത്തും. അവിടെ ആകാശം മേൽക്കൂരയാക്കി രാപാർക്കും. ജംറയിലെറിയാനുള്ള കല്ലുകളും ശേഖരിക്കും. തൊട്ടുടുത്ത ദിനം ജൂൺ ആറിനാണ് ബലിപെരുന്നാൾ. അന്നാണ് ഹാജിമാർക്ക് ഏറ്റവും തിരക്കുള്ള ദിനം. പുലർച്ചെ മുസ്ദലിഫയിൽ നിന്ന് ഹാജിമാർ നേരെ ജംറയിലെത്തി കല്ലേറ് കർമം നടത്തും. ജീവിതത്തിലെ പൈശാചിക ചിന്തകളെ, രീതികളെ കല്ലെറിഞ്ഞോടിക്കും. ഇബ്രാഹിം നബിയുടെ ത്യാഗ സ്മരണങ്ങൾ നെഞ്ചിലേറ്റി വിശ്വാസികൾ അന്ന് ബലികർമം പൂർത്തിയാക്കി പെരുന്നാളാഘോഷിക്കും.

പിന്നെ കഅ്ബക്കരികിലെത്തി ഹജ്ജിന്റെ ത്വവാഫും സഫാ മർവാ പ്രയാണവും. പിന്നാലെ മുടിമുറിച്ച് ഹാജിമാർക്ക് ഹജ്ജിൽ നിന്ന് അർധവിരാമം കുറിക്കാം. തിരികെ മിനായിലെത്തുന്ന ഹാജിമാർ ജൂൺ ഏഴ്, ഏട്ട് തീയതികളിൽ തമ്പുകളിൽ തങ്ങും. ജൂൺ ഒമ്പതിന്‌ ഹാജിമാർ മിനായോട് വിടപറയുന്നതോടെ ഹജ്ജിന് സമാപനമാകും. ദുൽഹജ്ജ് മാസപ്പിറവിയോടെ തിരക്കേറിയ പ്രാർഥനാ ദിനങ്ങളിലായിരിക്കും വിശ്വാസികൾ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News