Writer - razinabdulazeez
razinab@321
ദമ്മാം: ഗാര്‍ഹിക ജീവനക്കാരുടെ ശമ്പളം ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ വഴി മാത്രമാക്കിയുള്ള പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് സൗദിയില്‍ തുടക്കമായി. മൂന്നോ അതിലധികമോ ജോലിക്കാരുള്ള തൊഴില്‍ദാതാക്കള്‍ക്കും കമ്പനികള്‍ക്കുമാണ് ഈ ഘട്ടത്തില്‍ നിബന്ധന ബാധകം. നിയമം ഇന്ന് മുതല്‍ പ്രാബല്യത്തിലായി. ഗാര്‍ഹിക ജീവനക്കാരുടെ ശമ്പളം നല്‍കുന്ന പ്രക്രിയ സുതാര്യവും സുഗമവുമാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. മാനവവിഭവശേഷി മന്ത്രാലയത്തിന്‍റേതാണ് പദ്ധതി. വേതന സംരക്ഷണ സേവനം ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായാണ് ഔദ്യോഗിക സംവിധാനത്തിന് തുടക്കം കുറിച്ചത്. മന്ത്രാലയത്തിന്റെ ഗാര്‍ഹിക റിക്രൂട്ടിംഗ് പ്ലാറ്റ്‌ഫോമായ മുസാനിദ് വഴിയാണ് ഈ സേവനവും ലഭ്യമാക്കുന്നത്. മുസാനിദ് വഴി ഇ-വാലറ്റുകളിലൂടെയും അംഗീകൃത ബാങ്ക് അകൗണ്ടുകളിലൂടെയും തൊഴിലാളികളിലേക്ക് നേരിട്ട് ലഭ്യമാക്കുന്നതാണ് സംവിധാനം. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ തുടക്കം കുറിച്ച പദ്ധതിയുടെ മൂന്നാം ഘട്ടത്തിനാണ് ഇന്ന് മുതല്‍ തുടക്കമായത്. മൂന്നോ അതിലധികമോ വീട്ടുജോലിക്കാർ ഉള്ള തൊഴിലുടമകൾക്ക് ഈ വര്‍ഷം തുടക്കത്തില്‍ സേവനം നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ നാലിൽ കൂടുതൽ സഹായ തൊഴിലാളികളുള്ള ഇത്തരം തൊഴിലുടമകൾക്കാണ് മൂന്നാം ഘട്ടത്തില്‍ നിര്‍ബന്ധമാകുക. പുതിയ കരാര്‍ വഴി ജോലിക്കെത്തുന്ന ജീവനക്കാര്‍ക്കും സേവനം ലഭിക്കും. എന്നാല്‍ നിലവിലെ തൊഴിലാളികളുടെ എണ്ണമനുസരിച്ച് ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. രണ്ട് തൊഴിലാളികളുള്ള ഉടമകള്‍ 2025 ഒക്ടോബര്‍ ഒന്നിനകവും പദ്ധതി നടപ്പാക്കണം. 2026 ജനുവരി ഒന്നോടെ സമ്പൂര്‍ണ്ണമായും പദ്ധതിക്ക് കീഴില്‍ കൊണ്ടുവരും. ഗാര്‍ഹിക തൊഴില്‍ മേഖലയുടെ ആകര്‍ഷണിയത വര്‍ധിപ്പിക്കുന്നതിനും തൊഴില്‍ തര്‍ക്കങ്ങള്‍ കുറക്കുന്നതിനും പദ്ധതി വഴി മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.