സൗദിയിൽ ലഹരിവേട്ട തുടരുന്നു; നിരവധി പേർ പിടിയിൽ; അതിർത്തികളിൽ പരിശോധന ശക്തം

പിടിയിലാകുന്നവരിൽ സ്വദേശികളും വിദേശികളും ഉൾപ്പെടും.

Update: 2023-09-02 19:16 GMT
Advertising

ജിദ്ദ: സൗദിയിൽ വ്യാപകമായി ലഹരിവേട്ട തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ പിടിയിലായി. ലഹരിമരുന്നുകളുടെ ഇറക്കുമതിയും വ്യാപനവും തടയാനായി ശക്തമായ പരിശോധനകളാണ് രാജ്യത്തുടനീളം നടന്നുവരുന്നത്.

പല ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് ലഹരിക്കേസിൽ പിടിക്കപ്പെടുന്നതും. പിടിയിലാകുന്നവരിൽ സ്വദേശികളും വിദേശികളും ഉൾപ്പെടും. അസീർ മേഖലയിലെ ദഹ്റാൻ അൽ ജനൂബ് സെക്ടറിലെ അതിർത്തി സേന നാല് നിയമലംഘകരെ പിടികൂടി.

അതിർത്തിവഴി രാജ്യത്തേക്ക് നുഴഞ്ഞ് കയറാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 37 കിലോ ഹാഷിഷ് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. ദമ്മാമിൽ ഷാബു എന്നറിയിപ്പെടുന്ന മെത്താംഫെറ്റാമൈൻ മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് ഒരു ഈജിപ്ഷ്യൻ പൗരനും പിടിയിലായി.

അൽ ജൗഫിൽ സക്കാക്കയിലെ ഒരു ഫാമിൽ നിന്ന് ഒരു ലക്ഷത്തോളം ലഹരിഗുളികളാണ് നാർക്കോട്ടിക് കൺട്രോൾ വിഭാഗം പിടിച്ചെടുത്തത്. ഇവിടെ ഭൂഗർഭ അറയിൽ രഹസ്യമായി സൂക്ഷിച്ച് വിപണനം നടത്തിവരികയായിരുന്ന മൂന്ന് സ്വദേശികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു.

കുറ്റക്കാർക്കെതിരെ തുടർ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. സൗദിയിലേക്കുളള കര, ജല അതിർത്തികളിലും വിമാനത്താവളങ്ങളിലും ശക്തമായ പരിശോധനയാണ് നടത്തിവരുന്നത്. ലഹരിക്കേസിൽ പിടിക്കപ്പെടുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News