'അധികാരത്തിലെ മുസ്ലിം തൊട്ടുകൂടായ്മ മാറ്റിയ നേതാവായിരുന്നു ഇ അഹമ്മദ്'; പിഎം സ്വാദിഖലി

Update: 2025-02-10 13:36 GMT
Editor : Thameem CP | By : Web Desk

റിയാദ്: സ്വതന്ത്ര ഇന്ത്യയിൽ അധികാരത്തിലെ മുസ്ലിം തൊട്ടുകൂടായ്മ മാറ്റിയ നേതാവായിരുന്നു ഇ അഹമ്മദെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ പിഎം സ്വാദിഖലി അഭിപ്രായപ്പെട്ടു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗിനെ പലരും സംശയത്തോടെ കാണുകയും ന്യൂനപക്ഷ സംഘാടനത്തെ നിരുത്സാഹാപ്പെടുത്തുകയും ചെയ്ത സാഹചര്യങ്ങൾ ഉണ്ടായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ മുസ്ലിം ലീഗിനോടൊപ്പം സഞ്ചരിക്കുകയും ഉന്നത അധികാര കേന്ദ്രങ്ങളിൽ അവരോധിതനാവുകയും ചെയ്ത ഇ അഹമ്മദ് മുസ്ലിം ലീഗിന്റെ എക്കാലത്തെയും പ്രധാന നേതാക്കളിൽ ഒരാളാണ്. ഭരണാധികാരി എന്ന നിലയിലും നയതന്ത്രജ്ഞൻ എന്ന നിലയിലും ഇ അഹമ്മദ് ഏവരാലും അംഗീകരിക്കപ്പെട്ട നേതാവാണ്. ഇന്ത്യയും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലെ പ്രധാന കണ്ണിയായിരുന്നു അദ്ദേഹം. ഉറുദു കവിതകൾ ഏറെ ഇഷ്ട്ടപ്പെട്ട അദ്ദേഹം അല്ലാമാ ഇഖ്ബാലിന്റെ കവിതകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഫലസ്തീനും യാസർ അറഫാത്തുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ശക്തമായിരുന്നു. മഹാത്മാഗാന്ധിയുടെ ഫലസ്തീൻ അനുകൂല നിലപാട് പിന്തുടരാൻ മരണം വരേ ഇ അഹമ്മദിന് കഴിഞ്ഞിരുന്നു. എം എസ് എഫിന്റെ സർഗാത്മക രാഷ്ട്രീയത്തിന്റെ ഉത്പന്നമായിരുന്നു ഇ അഹമ്മദെന്നും പി എം സ്വാദിഖലി കൂട്ടിചേർത്തു.

Advertising
Advertising

സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ്, നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ മുജീബ് ഉപ്പട, മൊയ്തീൻ കുട്ടി തെന്നല, മുഹമ്മദ് വേങ്ങര, സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, വൈസ് പ്രസിഡന്റ് മജീദ് പയ്യന്നൂർ, സെക്രട്ടറി ഷമീർ പറമ്പത്ത് എന്നിവർ പ്രസംഗിച്ചു. ജാഫർ തങ്ങൾ കൊടുവള്ളി ഖിറാഅത്ത് നിർവ്വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും സെക്രട്ടറി സിറാജ് മേടപ്പിൽ നന്ദിയും പറഞ്ഞു. പരിപാടിക്ക് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുറഹ്‌മാൻ ഫറൂഖ്, അഡ്വ അനീർ ബാബു, നാസർ മാങ്കാവ്, അഷ്റഫ് കല്പകഞ്ചേരി, ജലീൽ തിരൂർ, നജീബ് നല്ലാങ്കണ്ടി, കബീർ വൈലത്തൂർ, ഷംസു പെരുമ്പട്ട, പി സി മജീദ് എന്നിവർ നേതൃത്വം നൽകി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News