ഈദ്: റിയാദ് മെട്രോ സമയങ്ങളിൽ ഇന്ന് മുതൽ മാറ്റം
ബസ് സേവനങ്ങളിലും സമയ ക്രമീകരണം
റിയാദ്: ഈദുമായി ബന്ധപ്പെട്ട് റിയാദ് മെട്രോയുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തി. യാത്രക്കാർക്ക് കൂടുതൽ സമയ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇന്ന് മുതലാണ് സമയക്രമങ്ങളിൽ മാറ്റം. റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റിയുടേതാണ് അറിയിപ്പ്.
മെട്രോ, ബസ് തുടങ്ങി മുഴുവൻ പൊതു ഗതാഗത സേവനങ്ങളുടെ സമയവും ക്രമീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പത്തു മുതൽ മെട്രോ സേവനം ആരംഭിച്ചിട്ടുണ്ട്. പുലർച്ചെ രണ്ട് വരെയായിരിക്കും മെട്രോ ഓടുക. നാളെ മുതൽ ഏപ്രിൽ രണ്ട് വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ അർധ രാത്രി 12 മണിവരെ ആയിരിക്കും മെട്രോ സേവനം ലഭിക്കുക. ഏപ്രിൽ 3,4 എന്നീ തീയതികളിൽ രാവിലെ 6 മുതൽ സർവീസ് ആരംഭിക്കും. അർധ രാത്രി 12 മണിവരെ ആയിരിക്കും സേവനം തുടരുക.
റിയാദ് ബസ് സർവീസുകളുടെ സമയക്രമത്തിലും മാറ്റം വരുത്തി. ഇന്ന് മുതൽ ഏപ്രിൽ 4 വരെ രാവിലെ 6.30 മുതൽ പുലർച്ചെ 3 വരെ സേവനം ലഭിക്കും. ഇന്ന് മുതൽ ഏപ്രിൽ രണ്ട് വരെ ബസ് ഓൺ ഡിമാൻഡ് സേവനങ്ങളും രാവിലെ 9 മുതൽ അർധ രാത്രി വരെ സേവനം ലഭ്യമാക്കും. ഏപ്രിൽ 3,4 തീയതികളിൽ സേവനം ആരംഭിക്കുക രാവിലെ 5 മുതലായിരിക്കും. ഈദുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് കൂടുതൽ സമയ സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.