സൗദിയിൽ വാടക കരാർ കൈമാറ്റ സേവനത്തിന് തുടക്കമിട്ട് ഈജാർ പ്ലാറ്റ് ഫോം
കരാർ കൈമാറ്റത്തിന് കെട്ടിട ഉടമയുടെ അനുമതി വേണം
ദമ്മാം: സൗദിയിൽ വാടക കരാർ കൈമാറ്റ സേവനത്തിന് തുടക്കമിട്ട് ഈജാർ പ്ലാറ്റ് ഫോം. കാലാവധിയുള്ള വാടക കരാറുകൾ ഈജാർ വഴി ഇനി മറ്റൊരാൾക്ക് കൈമാറ്റം ചെയ്യാം. വ്യക്തികൾക്ക് അവരുടെ കരാർ റദ്ദാക്കാതെ തന്നെ അവശേഷിക്കുന്ന കാലാവധി മറ്റൊരാൾക്ക് നൽകാനാകും എന്നതാണ് പ്രത്യേകത. കെട്ടിട ഉടമയുടെ അനുമതിയോട് കൂടിയാണ് കൈമാറ്റം സാധിക്കുക.
നിലവിലുള്ള കരാർ റദ്ദാക്കുകയോ പുതിയത് ഉണ്ടാക്കുകയോ ചെയ്യാതെ തന്നെ ഒരു വാടകക്കാരനിൽ നിന്ന് മറ്റൊരാളിലേക്ക് അവകാശങ്ങളും കടമകളും കൈമാറാൻ അനുവദിക്കുന്നതാണ് പുതിയ രീതി. കെട്ടിട ഉടമയുടെ അംഗീകാരത്തോടെയാണ് ഇത് സാധ്യമാകുക. പുതുതായി കെട്ടിടം ഏറ്റെടുക്കുന്നയാൾ ഇലക്ട്രോണിക് രീതിയിൽ കരാർ സ്വീകരിക്കുന്നതിനുള്ള അഭ്യർത്ഥന സമർപ്പിക്കണം. ഈജാർ പുതിയ വാടകക്കാരന്റെ വിവരങ്ങൾ അവലോകനം ചെയ്ത് ഇലക്ട്രോണിക് രീതിയിൽ രേഖപ്പെടുത്തും. നിലവിലുള്ള കരാർ അതേ നിബന്ധനകളോടെ ശേഷിക്കുന്ന കാലയളവിലും തുടരാൻ പുതിയ വ്യക്തിയെ അനുവദിക്കുന്നതാണ് രീതി.