കടുത്ത ചൂട്: ഡെലിവറി ബാഗുകളിലെ ഭക്ഷണം ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

ഭക്ഷണമെത്തിക്കുന്ന ഡെലിവറി ബാഗുകളിൽ കൊടും ചൂടിൽ ബാക്ടീരിയ ഉൾപ്പെടെ വളരുമെന്നും മുന്നറിയിപ്പിൽ പറയുന്നു

Update: 2024-07-14 18:34 GMT

റിയാദ്: കടുത്ത ചൂടിൽ ബൈക്കുകളിൽ ഡെലിവറി വഴി എത്തിക്കുന്ന ഭക്ഷണങ്ങൾ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രയാസങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്. സൗദി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരുടേതാണ് മുന്നറിയിപ്പ്. ഭക്ഷണമെത്തിക്കുന്ന ഡെലിവറി ബാഗുകളിൽ കൊടും ചൂടിൽ ബാക്ടീരിയ ഉൾപ്പെടെ വളരുമെന്നും മുന്നറിയിപ്പിൽ പറയുന്നു.സൗദിയിലെ പ്രാദേശിക മാധ്യമങ്ങളാണ് വിവിധ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് മുന്നറിയിപ്പ് പുറത്തുവിട്ടത്.

സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിലവിൽ അമ്പതു ഡിഗ്രി സെൽഷ്യസിനടുത്ത് ചൂട് എത്തിയിട്ടുണ്ട്. നിലവിലെ ചൂട് തന്നെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ഇതിനുപുറമെ ഡെലിവറി ബൈക്കുകളിൽ ബാഗുകളിൽ ഭക്ഷണ സാധനങ്ങൾ കൊടും ചൂടിൽ എത്തിക്കുന്നതും പ്രയാസങ്ങൾ സൃഷ്ടിക്കും. ഗ്രോസറി, പാചകം ചെയ്ത ഭക്ഷണ പദാർത്ഥങ്ങൾ തുടങ്ങി വിവിധ തരം വസ്തുക്കളാണ് ഡെലിവറി ബൈക്കിൽ എത്തിക്കുന്നത്.

Advertising
Advertising

ഒരേ സമയം വ്യത്യസ്ത ഭക്ഷ്യ വിഭവങ്ങൾ ഒരേ ബാഗിൽ എത്തിക്കുന്നതും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. ചൂടുള്ളതും തണുപ്പുള്ളതുമായ ഭക്ഷണങ്ങളാണ് ഇത്തരം ബാഗുകളിലൂടെ വീടുകളിലേക്ക് എത്തിക്കുന്നത്. കൊടും ചൂടിൽ ബാഗുകൾക്കകത്തെ താപനില അറുപത് ഡിഗ്രി സെൽഷ്യസ് വരെ മാറിയേക്കാം. ഇത് ബാക്ടീരിയ വളരാനും ഭക്ഷണപദാർത്ഥങ്ങളിൽ പ്രയാസങ്ങൾ സൃഷ്ടിക്കാനും കാരണമാകും. കൊടും ചൂടുള്ള സമയങ്ങളിൽ ഇത്തരം അനാരോഗ്യകരമായ പ്രവണതകൾ ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. കടുത്ത വേനലിൽ വ്യക്തി ശുചിത്വം പ്രധാനമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News