രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ആദ്യ കേരള ഹജ്ജ് തീർത്ഥാടക സംഘം മക്കയിൽ

സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് കീഴിലെത്തിയ 49 തീർത്ഥാടകരാണ് ഇന്ന് രാവിലെ മക്കയിലെത്തിയത്

Update: 2022-06-09 17:53 GMT
Advertising

മക്ക: രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർത്ഥാടക സംഘം മക്കയിലെത്തി. സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് കീഴിലെത്തിയ 49 തീർത്ഥാടകരാണ് ഇന്ന് രാവിലെ മക്കയിലെത്തിയത്. തീർത്ഥാടകർക്ക് മക്കയിലെ വിവിധ മലയാളി സംഘടനകൾ ഹൃദ്യമായ സ്വീകരണം നൽകി.

35 സ്ത്രീകളും 14 പുരുഷന്മാരുമുൾപ്പെടെ 49 പേരാണ് ആദ്യ സംഘത്തിലുള്ളത്. ഇന്നലെ വൈകുന്നേരം 5.15ന് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ദോഹയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ പുറപ്പെട്ട തീർത്ഥാടകർ ഇന്ന് പുലർച്ചെ 3.30ന് ഖത്തർ എയർവേഴ്‌സിൽ ജിദ്ദ വിമാനത്താവളത്തിലിറങ്ങുകയായിരുന്നു. ജിദ്ദ ഹജ്ജ് ടെർമിനലിൽനിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം രാവിലെ 9 മണിയോടെ മക്കയിലെ താമസ സ്ഥലത്തെത്തി. വിശ്രമത്തിന് ശേഷം ഉംറ കർമ്മത്തിനായി ഹറം പള്ളിയിലേക്ക് പുറപ്പെട്ടു. ഉച്ചക്ക് 12.30 ഓടെ ഉംറ കർമ്മങ്ങൾ പൂർത്തിയാക്കിയ തീർത്ഥാടകർ ളുഹർ നമസ്‌കാരത്തിന് ശേഷമാണ് ഹറം പള്ളിയിൽ നിന്നും താമസ സ്ഥലത്തേക്ക് മടങ്ങിയത്. മക്കയിൽ ഹറം പള്ളിക്ക് സമീപമുള്ള ലെ മെറീഡിയൻ ഹോട്ടലിലാണ് ഇപ്പോൾ തീർത്ഥാടകരുടെ താമസം.

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം മക്കയിലെത്തിയ ആദ്യ മലയാളി ഹജ്ജ് സംഘത്തെ മക്കയിലെ കെ.എം.സി.സി, വിഖായ തുടങ്ങിയ മലയാളി സന്നദ്ധ സംഘടനാ വളണ്ടിയർമാർ ചേർന്നു സ്വീകരിച്ചു. ഭക്ഷണവും മറ്റു സമ്മാനങ്ങളും നൽകിയാണ് ആദ്യ സംഘത്തെ മലയാളി സംഘടനകൾ വരവേറ്റത്. മക്കയിൽ ഉംറയും പുണ്യ സ്ഥലങ്ങളിലെ സന്ദർശനവും പൂർത്തിയാക്കിയ ശേഷം ഇവർ ദുൽഖഅദ് 25ന് മദീന സന്ദർശനത്തിനായി പുറപ്പെടും. പിന്നീട് ഹജ്ജിന് മുമ്പായി വീണ്ടും മക്കയിൽ തിരിച്ചെത്തുംവിധമാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. ദുൽഹജ്ജ് ഏഴിന് തീർത്ഥാടകർ ഹജ്ജ് കർമ്മങ്ങൾക്കായി മിനയിലേക്ക് പുറപ്പെടും. സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിൽ വരുന്ന തീർത്ഥാടകർ മദീനയിലേക്കാണ് ആദ്യം എത്തുന്നത്. മദീനയിൽ നിന്ന് എട്ട് ദിവസത്തിന് ശേഷം അവർ മക്കയിലെത്തും.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News