മക്കയിൽ സമ്പൂർണ ഇലക്ട്രിക് ബസ് സർവീസിന് തുടക്കമായി
നാല് കിലോമീറ്റർ നീളമുള്ള പ്രത്യേക പാതയിലൂടെ മാത്രമാണ് ബസുകൾ സഞ്ചരിക്കുക
മക്ക: വിശുദ്ധ നഗരമായ മക്കയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള സമ്പൂർണ ഇലക്ട്രിക് ബസ് സർവീസിന് തുടക്കമായി. മിഡിൽ ഈസ്റ്റിലെ തന്നെ ആദ്യത്തെ പൂർണ വൈദ്യുത ബസ് ശൃംഖലയായ 'മക്ക മസാർ ബസ്' പദ്ധതി, ഉമ്മുൽ ഖുറ ഡെവലപ്മെന്റ് കമ്പനിയും പ്രമുഖ സ്വകാര്യ സ്ഥാപനമായ പെട്രോമിനും സംയുക്തമായാണ് നടപ്പിലാക്കുന്നത്. ഹറമൈൻ ഹൈസ്പീഡ് മെട്രോ സ്റ്റേഷനെ ഹറം പള്ളിയുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് ആദ്യഘട്ട സർവീസ് ക്രമീകരിച്ചിരിക്കുന്നത്. നാല് കിലോമീറ്റർ നീളമുള്ള പ്രത്യേക പാതയിലൂടെ മാത്രം സഞ്ചരിക്കുന്ന ഈ ബസുകൾ തീർഥാടകർക്കും യാത്രക്കാർക്കും ഗതാഗതക്കുരുക്കില്ലാതെ വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്താൻ സഹായിക്കും.
പ്രതിവർഷം 15 ലക്ഷത്തോളം യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന ഈ പദ്ധതിയിൽ നിലവിൽ നാല് ബസുകളാണ് സർവീസ് നടത്തുന്നത്. രണ്ട് പ്രധാന സ്റ്റേഷനുകളും 11 സ്റ്റോപ്പുകളും ഉൾപ്പെടുന്ന പാതയിൽ ഏഴ് റിയാലാണ് യാത്രാ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ആധുനിക ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളും മികച്ച ഇന്റീരിയർ സൗകര്യങ്ങളുമാണ് ബസുകളിലുള്ളത്.