Writer - razinabdulazeez
razinab@321
റിയാദ്: സിറിയക്കെതിരെ 'സീസർ ആക്ട്' പ്രകാരം ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങൾ നീക്കം ചെയ്ത അമേരിക്കൻ നടപടിയെ ഗൾഫ് രാജ്യങ്ങൾ സ്വാഗതം ചെയ്തു. സിറിയയിൽ സ്ഥിരത വീണ്ടെടുക്കുന്നതിനും മാനുഷികവും സാമ്പത്തികവുമായ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഏറെ ഗുണകരമായ നീക്കമാണിതെന്ന് ഗൾഫ് സഹകരണ കൗൺസിൽ(ജിസിസി) സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി പറഞ്ഞു.
ഉപരോധം നീക്കിയ നടപടി സിറിയയുടെ സാമ്പത്തിക വീണ്ടെടുപ്പിന് അനുയോജ്യമായ അന്തരീക്ഷമൊരുക്കുമെന്ന് സെക്രട്ടറി ജനറൽ വ്യക്തമാക്കി. ഇത് സിറിയയിലെ വ്യാപാര-നിക്ഷേപ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ സഹായിക്കും. സിറിയൻ ജനതയ്ക്ക് ആവശ്യമായ അടിസ്ഥാന സേവനങ്ങൾ ലഭ്യമാക്കുന്നതിനും രാജ്യത്തെ സാവധാനം ആഗോളതലത്തിൽ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും ഈ തീരുമാനം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സിറിയയുടെ പരമാധികാരം, ഐക്യം, എന്നിവയ്ക്ക് ജിസിസി നൽകുന്ന പിന്തുണയും അൽ ബുദൈവി ചൂണ്ടിക്കാട്ടി. 2019ൽ പാസാക്കിയ 'സീസർ ആക്ട് 2020 ജൂൺ മുതലാണ് പ്രാബല്യത്തിൽ വന്നത്. സിറിയക്ക് മേൽ ഏർപ്പെടുത്തിയ കർശനമായ സാമ്പത്തിക രാഷ്ട്രീയ ഉപരോധമായിരുന്നു ഈ നിയമം.