സൗദിയില്‍ വിദ്വേഷ പ്രചരണത്തിന് ശിക്ഷ അനുഭവിച്ചു വന്ന കര്‍ണാടക സ്വദേശി ജയില്‍ മോചിതനായി

സംഭവത്തില്‍ ഹരീഷ് കുറ്റകാരനല്ലെന്നും ഹരീഷിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്താണ് പോസ്റ്റുകളിട്ടതെന്നും ഇതിന് പിന്നില്‍ വ്യക്തി വൈരാഗ്യമായിരുന്നുവെന്നും ഹരീഷിന്റെ കുടുംബവും പരാതി ഉന്നയിച്ചു. ഭാര്യ സുമന ഇക്കാര്യം കാണിച്ച് സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് പരാതിയും നല്‍കിയിരുന്നു.

Update: 2021-08-19 04:29 GMT

സൗദിയില്‍ സമൂഹ മാധ്യമത്തിലെ വിദ്വേഷ പ്രചരണത്തിന് ശിക്ഷ അനുഭവിച്ചു വന്ന കര്‍ണാടക സ്വദേശി ജയില്‍ മോചിതനായി നാട്ടിലേക്ക് മടങ്ങി. എംബസിയുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും ശ്രമങ്ങളാണ് മോചനം സാധ്യമാക്കിയത്.

സൗദിയിലെ നിയമങ്ങളെയും ഭരണാധികാരികളെയും, ചിഹ്നങ്ങളെയും അവഹേളിക്കുന്ന രീതിയില്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടതിന് ജയിലില്‍ കഴിയുകയായിരുന്ന കര്‍ണാടക ബീജാദി സ്വദേശി ഹരീഷ് സഞ്ജീവ ബങ്കേരയാണ് ഒടുവില്‍ മോചനം നേടി നാട്ടിലേക്ക് മടങ്ങിയത്. ഒന്നര വര്‍ഷത്തോളം നീണ്ട ജയില്‍വാസത്തിന് ശേഷമാണ് മോചനം സാധ്യമായത്. 2019 ഡിസംബര്‍ 20നാണ് ഹരീഷ് സൗദി സുരക്ഷാ സേനയുടെ പിടിയിലായത്. ഇന്ത്യന്‍ എംബസി അധികാരികളുടെയും സാമൂഹ്യ പ്രവര്‍ത്തകന്റെയും ഇടപെടലുകളിലൂടെയാണ് മോചനം സാധ്യമായത്. സൗദി ഭരണാധികാരിയും കീരീടാവകാശിയുമായ മുഹമ്മദ് സല്‍മാന്‍ രാജകുമാരനെ അസഭ്യം പറഞ്ഞും, മക്കയിലെ വിശുദ്ധ കഅബ പൊളിച്ച് രാമക്ഷേത്രം നിര്‍മ്മിക്കണമെന്നും ആഹ്വാനം ചെയ്താണ് ഹരീഷിന്റെ ഫേസ്ബുക്ക് അകൗണ്ടില്‍ പോസ്റ്റ പ്രത്യക്ഷപ്പെട്ടത്. ഒപ്പം സി.എ.എ, എന്‍.ആര്‍.സി വിഷയത്തില്‍ ഇന്ത്യയിലെ ഭരണാധികാരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പോസ്റ്റുകളിട്ടിരുന്നു. സംഭവം ഹരീഷിനെതിരെയും അദ്ദേഹം പ്രതിനിധീകരിച്ചിരുന്ന സംഘ്പരിവാര്‍ സംഘടനകള്‍ക്കെതിരെയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. പിന്നാലെ ഹരീഷ് തന്നെ മപ്പപേക്ഷിച്ച് കൊണ്ടുള്ള വീഡിയോയും പോസ്റ്റ് ചെയ്തു. ഇതിനിടെ വിഷയം വിവാദമായപ്പോള്‍ കമ്പനി അധികാരികള്‍ തന്നെയാണ് അന്ന് ഹരീഷിനെ സൗദി സുരക്ഷാവിഭാഗത്തിന് കൈമാറിയിരുന്നത്.

Advertising
Advertising

സംഭവത്തില്‍ ഹരീഷ് കുറ്റകാരനല്ലെന്നും ഹരീഷിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്താണ് പോസ്റ്റുകളിട്ടതെന്നും ഇതിന് പിന്നില്‍ വ്യക്തി വൈരാഗ്യമായിരുന്നുവെന്നും ഹരീഷിന്റെ കുടുംബവും പരാതി ഉന്നയിച്ചു. ഭാര്യ സുമന ഇക്കാര്യം കാണിച്ച് സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് പരാതിയും നല്‍കിയിരുന്നു. ഇതേ സമയം ഹരീഷിന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത കുറ്റത്തിന് രണ്ട് പേരെ കര്‍ണാടകയിലെ ഉഡുപ്പിയില്‍ അറസ്റ്റ് ചെയ്തു. ഇതിന്റെ രേഖകള്‍ കുടുംബം എംബസിക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ മുഖേന സൗദിയിലെ കോടതിക്കും സമര്‍പ്പിച്ചു. ഇതും മോചനത്തിനുള്ള വഴികള്‍ എളുപ്പമാക്കി.

ജയില്‍ മോചിതനായ ഹരീഷിന് ദമ്മാമിലെ മാംഗ്ലൂര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷരീഫ് കര്‍ക്കേല വിമാന ടിക്കറ്റ് എടുത്ത് നല്‍കി. ഷരീഫാണ് തുടക്കം മുതല്‍ കേസില്‍ ഇടപെട്ട് മോചനത്തിനുള്ള ശ്രമം നടത്തി വന്നിരുന്നത്. കുന്ദപുരയിലുള്ള നുസ്റത്തുല്‍ മസാക്കീന്‍ എന്ന സംഘടനയുടെ അഭ്യര്‍ഥന പ്രകാരമാണ് കേസ് ഏറ്റെടുത്തിരുന്നതെന്ന് ഷരീഫ് പറഞ്ഞു. എംബസിയില്‍ നിന്നും ഔട്ട് പാസുള്‍പ്പെടെയുള്ള രേഖകള്‍ ശരിയാക്കുന്നതിന് സാമൂഹ്യ പ്രവര്‍ത്തകനായ മണിക്കുട്ടനും ഭാര്യയും നേതൃത്വം നല്‍കി. ഖത്തര്‍ എയര്‍വേസ് വഴി നാട്ടിലെത്തിയ ഹരീഷിനെ ഭാര്യയും മകളും ചേര്‍ന്ന് സ്വീകരിച്ചു. ദമ്മാം അല്‍ഹസ്സയില്‍ കര്‍ട്ടന്‍ നിര്‍മ്മാണ സ്ഥാപനത്തില്‍ ജോലി ചെയ്തു വരുന്നതിനിടെയാണ് ഹരീഷ് പിടിയിലായത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News