ജുബൈലിൽ പക്ഷാഘാതത്തെ തുടർന്ന് കോമയിലായ ഇന്ത്യക്കാരനെ നാട്ടിലേക്ക് കൊണ്ടുപോയി
ജോലിക്കിടെയാണ് ഇദ്ദേഹത്തിന് പക്ഷാഘാതം പിടിപെട്ട് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായത്
ജുബൈലിൽ സ്വകാര്യ കമ്പനി ജിവനക്കാരനായിരുന്ന വിശാഖപട്ടണം സ്വദേശി മുകുന്ദ റാവുവിനെ ഒടുവിൽ നാട്ടിലേക്ക് കൊണ്ടുപോയി. ജോലിക്കിടെയാണ് ഇദ്ദേഹത്തിന് പക്ഷാഘാതം പിടിപെട്ട് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായത്. മാസങ്ങളായി കോമയിൽ കഴിയുന്ന ഇദ്ദേഹത്തെ തുടർ ചികിത്സക്കായി നാട്ടിലെത്തിക്കണമെന്ന് ബന്ധുക്കൾ നിരന്തരം ആവശ്യപ്പെട്ടുവെങ്കിലും ആരോഗ്യ സ്ഥിതി മോശമായതിനാൽ നീണ്ടുപോയി. ഒപ്പം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള ചിലവും വിലങ്ങു തടിയായി.
ഒടുവിൽ ഇന്ത്യൻ എംബസിയും, എംബസി വളണ്ടിയർമാരായ മഞ്ജു മണിക്കുട്ടൻ, വിക്രമൻ, യാസീൻ, അലൻ എന്നിവർ മുകുന്ദ റാവുവിൻറെ കമ്പനിയുമായി ചേർന്നാണ് സൗകര്യമൊരുക്കിയത്. ഓക്‌സിജൻ വെൻറിലേറ്റർ, ഡോക്ടർ, നഴ്‌സ് എന്നിവരടങ്ങുന്ന സംഘം നാട്ടിൽ നിന്നും സൗദിയിലെത്തിയാണ് യാത്ര സാധ്യമാക്കിയത്. ശ്രീലങ്കൻ എയർലൈനാണ് യാത്രയൊരുക്കിയത്.