'ഇസ്രായേൽ ഉടൻ ആക്രമണം അവസാനിപ്പിക്കണം'; റിയാദ് ഉച്ചകോടിയിൽ അറബ് രാഷ്ട്ര നേതാക്കൾ

ഫലസ്തീനെ കൂടുതൽ രാജ്യങ്ങൾ അംഗീകരിച്ചത് നേട്ടമാണെന്നും സമ്മേളനം വിലയിരുത്തി

Update: 2024-11-11 16:47 GMT
Editor : Thameem CP | By : Web Desk

റിയാദ്: ഗസ്സയിലേയും ലബനാനിലേയും ആക്രമണം ഇസ്രായേൽ അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് സൗദിയിൽ ചേർന്ന അറബ് ഇസ്ലാമിക രാജ്യങ്ങളുടെ അടിയന്തിര ഉച്ചകോടി ആവശ്യപ്പെട്ടു. ഫലസ്തീനെ കൂടുതൽ രാജ്യങ്ങൾ അംഗീകരിച്ചത് നേട്ടമാണെന്നും സമ്മേളനം വിലയിരുത്തി. ഒരു വർഷത്തിന് ശേഷമാണ് വീണ്ടും അറബ് ഇസ്ലാമിക രാജ്യങ്ങൾ സൗദിയിലെ റിയാദിൽ ഒത്തു ചേരുന്നത്. യുദ്ധം ലബനാനിലേക്കു കൂടി പടർന്ന സാഹചര്യത്തിലാണിത്. ലബനാനിലും ഫലസ്തീനിലും ഇസ്രായേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അധ്യക്ഷത വഹിച്ച് പറഞ്ഞു.

Advertising
Advertising

'ഫലസ്തീനികളുടെ അവകാശങ്ങൾ ഇല്ലാതാക്കാനാണ് ശ്രമം, നിരപരാധികളെ കൊല്ലുകയാണ് ഇസ്രായേൽ. അൽ അഖ്‌സ പള്ളിക്കെതിരെയും നിയമലംഘനം തുടരുകയാണ്. ഇത് അവസാനിപ്പിക്കണമെന്നും' സൗദി കിരീടാവകാശി കൂട്ടിച്ചേർത്തു.

ഫലസ്തീനെ ഇല്ലാതാക്കാനാണ് ശ്രമമെന്ന് ഫലസ്തീൻ പ്രസിഡണ്ട് മഹ്‌മുദ് അബ്ബാസും തുർക്കി പ്രസിഡണ്ട് റജബ് ത്വയിബ് ഉർദുഗാനും പറഞ്ഞു. 'ദ്വിരാഷ്ട്ര ഫോർമുല നടപ്പാക്കാൻ ഇസ്രായേലിന് താൽപര്യമില്ല. അവർ ആഗ്രഹിക്കുന്നത് ഫലസ്തീനെ ഇല്ലാതാക്കാനാണ്. അത് നമ്മൾ തടയണമെന്നും' തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു.

'ഇസ്രയേൽ എന്ന കൊളോണിയൽ രാജ്യവുമായാണ് നമ്മൾ സംസാരിക്കുന്നത്. അതിനെ രാഷ്ട്രമായി കാണരുത്. ഇസ്രയേലുമായി സംസാരിക്കുകയെന്നത് നിയമപരമായ ഒരു രാഷ്രവുമായുള്ള സംസാരമല്ല. മറിച്ച് ഒരു കൊളോണിയൽ ശക്തിയുമായുള്ള ഇടപെടലാണെന്നും' സിറിയൻ പ്രസിഡണ്ട് ബശാറുൽ അസദ് ചൂണ്ടിക്കാട്ടി.

ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചവരെല്ലാം അത് പുനപരിശോധിക്കണമെന്ന് ഫലസ്തീൻ പ്രസിഡണ്ട് മഹ്‌മൂദ് അബ്ബാസും പറഞ്ഞു. ഇസ്രായേലിനെതിരെ ഏതു തരത്തിലുള്ള നീക്കം വേണമെന്ന കാര്യത്തിൽ വിവിധ രാഷ്ട്രങ്ങളുമായുള്ള സ്വകാര്യ കൂടിക്കാഴ്ചകളും ഉച്ചകോടിക്ക് ശേഷം തുടരുകയാണ്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News