ജിദ്ദ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്; ആറ് മാസത്തിനിടെ രണ്ടര കോടിയിലധികം യാത്രക്കാർ
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6.8% വളർച്ച
ജിദ്ദ: സൗദി അറേബ്യയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ (ജനുവരി മുതൽ ജൂൺ വരെ) 2.55 കോടിയിലധികം യാത്രക്കാർ വിമാനത്താവളം വഴി യാത്ര ചെയ്തതായി അധികൃതർ അറിയിച്ചു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6.8% വളർച്ചയാണ് കാണിക്കുന്നത്.
ഹജ്ജ്, ഉംറ തീർഥാടകർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പ്രധാന വിമാനത്താവളമാണ് ജിദ്ദയിലേത്. ഈ കാലയളവിൽ ഒന്നര ലക്ഷത്തിലധികം വിമാന സർവീസുകളാണ് വിമാനത്താവളം വഴി നടത്തിയത്. ഏപ്രിൽ അഞ്ചാണ് ഈ ആറ് മാസത്തിനിടയിൽ ഏറ്റവും കൂടുതൽ യാത്രക്കാർ വിമാനത്താവളം ഉപയോഗിച്ച ദിവസം. 1,78,000 യാത്രക്കാർ ഈ ദിവസം മാത്രം യാത്ര ചെയ്തു. 2030-ഓടെ പ്രതിവർഷം പത്ത് കോടിയിലധികം യാത്രക്കാരെ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ജിദ്ദ വിമാനത്താവളം.