അൽ ഉലാ ഡെവലപ്‌മെന്റ് കമ്പനി എം.ഡിയായി ജോൺ പഗാനോ
അൽ ഉലാ ചരിത്ര കേന്ദ്രങ്ങളിലെ ടൂറിസം സാധ്യത വികസിപ്പിക്കുകയാണ് ദൗത്യം
റിയാദ്: സൗദിയിലെ അൽ ഉലാ ഡെവലപ്‌മെന്റ് കമ്പനിയുടെ മാനേജിങ് ഡയറക്ടറായി ജോൺ പഗാനോയെ നിയമിച്ചു. അടുത്ത ഘട്ടത്തിന് നേതൃത്വം നൽകാനാണ് നിയമനം. അൽ ഉലാ ചരിത്ര കേന്ദ്രങ്ങളിലെ ടൂറിസം സാധ്യത വികസിപ്പിക്കുകയാണ് ദൗത്യം. ഫാബിയൻ ടോസ്‌കാനോയായിരുന്നു നേരത്തെ മാനേജിങ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നത്.
റിയൽ എസ്റ്റേറ്റ്, ടൂറിസം വികസനത്തിൽ നാല് പതിറ്റാണ്ടിന്റെ പരിചയമുള്ളയാളാണ് പഗാനോ. ദി റെഡ് സീ, അമാല തുടങ്ങിയ വികസന സംരംഭങ്ങൾക്ക് പിന്നിലുള്ള കമ്പനിയായ റെഡ് സീ ഗ്ലോബലിന്റെ ഗ്രൂപ്പ് സിഇഒ ആയി പ്രവർത്തിച്ചുവരികയായിരുന്നു. കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിന്റെ മാനേജിങ് ഡയറക്ടറായും ബോർഡ് അംഗമായും അദ്ദേഹം സേവനമനുഷ്ഠിക്കുകയായിരുന്നു.
ജോൺ പഗാനോയ്ക്ക് സൗദി നേരത്തെ പൗരത്വം നൽകിയിരുന്നു. വിശിഷ്ട ശാസ്ത്രജ്ഞർ, ഇന്നൊവേറ്റേഴ്സ്, വിദഗ്ധർ, ബിസിനസ്സ് നേതാക്കൾ എന്നിവരുടെ പട്ടികയിലാണ് പൗരത്വം നൽകിയത്.
2024-ൽ ഫോർബ്‌സ് മിഡിൽ ഈസ്റ്റിന്റെ 'ട്രാവൽ ആൻഡ് ടൂറിസം ലീഡേഴ്‌സ്' പട്ടികയിൽ പഗാനോ ഇടം നേടിയിരുന്നു. സൗദിയുടെ വളർന്നുവരുന്ന ആഡംബര ടൂറിസം മേഖലയെ രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച നിർണായക പങ്ക് കണക്കിലെടുത്തായിരുന്നിത്.
അൽ ഉലാ ഗവർണറേറ്റിലെ ആസ്തികളുടെയും ലക്ഷ്യസ്ഥാനങ്ങളുടെയും വികസനത്തിലും പ്രകൃതിദത്തവും സാംസ്‌കാരികവുമായ പൈതൃക സംരക്ഷണത്തിലും വൈദഗ്ധ്യം നേടിയ, പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ കമ്പനിയാണ് അൽ ഉലാ ഡെവലപ്‌മെന്റ് കമ്പനി.