അൽ ഉലാ ടൂർ ഒന്നാം ഘട്ടം: ജോനാഥൻ മിലാൻ ജേതാവ്
രണ്ടാം ഘട്ടം ബുധനാഴ്ച നടക്കും
റിയാദ്: സൗദിയിലെ അൽ ഉലാ ടൂറിന്റെ ഒന്നാം ഘട്ടത്തിൽ ഇറ്റാലിയൻ താരം ജോനാഥൻ മിലാൻ ജേതാവ്. 3 മണിക്കൂർ, 36 മിനിറ്റ്, 32 സെക്കൻഡ് സമയം കൊണ്ട് ലക്ഷ്യ സ്ഥാനത്തെത്തിയാണ് മിലാൻ ഒന്നാം സ്ഥാനം നേടിയത്. ബെൽജിയൻ താരം മിലാൻ ഫ്രൈറ്റൻ നാല് സെക്കൻഡ് പിന്നിലായി രണ്ടാം സ്ഥാനം നേടി. മറ്റൊരു ഇറ്റാലിയൻ താരം മാറ്റിയോ മുഷെറ്റി ആറ് സെക്കൻഡ് പിന്നിലായി മൂന്നാം സ്ഥാനവും നേടി. 158 കിലോമീറ്റർ ദൈർഘ്യമുള്ളതായിരുന്നു ഒന്നാം ഘട്ടം.
അൽ ഉലാ ടൂറിന്റെ ആറാം പതിപ്പാണ് നടക്കുന്നത്. 17 അന്താരാഷ്ട്ര ടീമുകളിലായി ആകെ 119 സൈക്ലിസ്റ്റുകളാണ് പങ്കെടുക്കുന്നത്. സൗദി സൈക്ലിംഗ് ഫെഡറേഷനാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. അൽഉല ഗവർണറേറ്റ് റോയൽ കമ്മീഷനായ ASO യുമായി സഹകരിച്ചും കായിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുമാണ് ടൂർ. അൽ ഉലാ ടൂറിന്റെ രണ്ടാം ഘട്ടം ബുധനാഴ്ച നടക്കും. അൽ മൻഷിയാ ട്രെയിൻ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് അവിടെ തന്നെ തിരിച്ചെത്തുന്ന ഘട്ടത്തിൽ 152 കിലോമീറ്ററാണുണ്ടാകുക.