Writer - razinabdulazeez
razinab@321
റിയാദ്: ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ ഗ്രാന്റ്റയാൻ സൂപ്പർ കപ്പിൽ യൂത്ത് ഇന്ത്യയും ബ്ലാക്ക് ആൻഡ് വൈറ്റ് എഫ് സിയും കലാശപ്പോരിന്.
അത്യന്തം ആവേശം നിറഞ്ഞ സൂപ്പർ കപ്പിൽ കരുത്തരുടെ പോരാട്ടത്തിന് സാക്ഷ്യം വഹിച്ച ഒന്നാം സെമി ഫൈനലിൽ മിന്നും പ്രകടനമാണ് യൂത്ത് ഇന്ത്യ സോക്കർ നടത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ആറാം മിനുട്ടിലും പത്തൊൻപതാം മിനുട്ടിലും അഖിൽ ചന്ദ്രൻ നേടിയ ഇരട്ട ഗോളുകളുടെ മികവിൽ യൂത്ത് ഇന്ത്യ മത്സരത്തിൽ പിടിമുറുക്കിയെങ്കിലും രണ്ടാം പകുതിയിൽ ശക്തമായ മുന്നേറ്റങ്ങളുമായി അസീസിയ സോക്കർ തിരിച്ചുവരവിന് ശ്രമിച്ചു. പക്ഷെ യൂത്ത് ഇന്ത്യയുടെ പ്രതിരോധ നിരയും ഗോൾകീപ്പറും ഗോൾ നേടുകയെന്ന അവരുടെ ശ്രമത്തിന് കടിഞ്ഞാണിട്ടു. എന്നാൽ അധിക സമയത്ത് നിയാസിലൂടെ ഗോൾ നേടി അസീസിയ സോക്കർ സമനിലയ്ക്ക് ശ്രമിച്ചെങ്കിലും അധികം വൈകാതെ റഫറി ഫൈനൽ വിസിൽ മുഴക്കി. അഖിൽ ചന്ദ്രനാണ് മാൻ ഓഫ് ദി മാച്ച്. ജയ് മസാല ചീഫ് ഓപ്പറേഷൻ മാനേജർ വിജയൻ നായരുടെ സാന്നിധ്യത്തിൽ ബഷീർ ചാലക്കര അവാർഡ് സമ്മാനിച്ചു.
തുല്യ ശക്തികളുടെ പോരാട്ടം കണ്ട രണ്ടാം സെമി ഫൈനൽ മത്സരത്തിൽ അധിക സമയവും കഴിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ തീരുമാനിച്ചത്. മത്സരത്തിന്റെ മുപ്പത്തി ഒന്നാം മിനുട്ടിൽ ഷാഫിയിലൂടെ ബ്ലാക്ക് ആൻഡ് വൈറ്റ് ആണ് ആദ്യം ലീഡ് നേടിയത്. എന്നാൽ മുപ്പത്തിയഞ്ചാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി, കിക്കെടുത്ത അമീൻ ലക്ഷ്യം കണ്ടതോടെ സ്‌കോർ 1-1 എന്ന നിലയിലായി. തൊട്ടടുത്ത മിനുട്ടിൽ തന്നെ ബ്ലാക്ക് ആൻഡ് വൈറ്റിനെ ഞെട്ടിച്ചു കൊണ്ട് റിയൽ കേരള മത്സരത്തിൽ ലീഡ് നേടി. ബ്ലാക്ക് ആൻഡ് വൈറ്റിന്റെ മധ്യനിരയെയും പ്രതിരോധനിരയെയും കൗണ്ടർ അറ്റാക്കിലൂടെ മറികടന്ന റിയൽ കേരള താരങ്ങളുടെ മികച്ച മുന്നേറ്റത്തിനൊടുവിൽ റാഷിദാണ് ഗോളിലേക്കുള്ള ലക്ഷ്യം കണ്ടത്. ഗോൾ മടക്കാനായി ശക്തമായി പൊരുതിയ ബ്ലാക്ക് ആൻഡ് വൈറ്റ് ഒടുവിൽ ലക്ഷ്യം കണ്ടു. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ശേഷിക്കെ പെനാൽറ്റി ബോക്സിനു തൊട്ടടുത്ത് നിന്ന് കിട്ടിയ ഫ്രീകിക്ക് മനോഹരമായ മഴവിൽ കിക്കിലൂടെ റാഫി ലക്ഷ്യത്തിലെത്തിച്ചു. നിശ്ചിത സമയത്തിൽ ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. പെനാൽറ്റി കിക്കെടുത്ത റിയൽ കേരള താരങ്ങൾക്ക് പിഴച്ചതോടെ, ഒന്നൊഴികെ മറ്റെല്ലാ പെനാൽറ്റികളും ലക്ഷ്യത്തിലെത്തിച്ച് ബ്ലാക്ക് ആൻഡ് വൈറ്റ് ഫൈനലിലേക്ക് മുന്നേറി. നാല് കിക്കെടുത്ത റിയൽ കേരള താരങ്ങൾക്ക് ഒന്ന് മാത്രമാണ് ലക്ഷ്യത്തിലേക്കെത്തിക്കാൻ സാധിച്ചത്. ഷൂട്ടൗട്ടിൽ 3 -1 എന്നതാണ് സ്‌കോർ. മത്സരത്തിൽ റാഫി മാൻ ഓഫ് ദി മാച്ച് ആയി. അൽറയാൻ പോളി ക്ലിനിക് എം.ഡി മുഷ്താഖ് മുഹമ്മദലി അവാർഡ് സമ്മാനിച്ചു.
വിജയൻ നായർ, ബഷീർ ചാലിക്കര, ശാഹുൽ അൻവർ, നിസാർ അരീക്കോട്, ഷൗകത്ത് കടമ്പോട്ട്, സൈനുദ്ദീൻ, മുനീർ നെല്ലാങ്കണ്ടി, നാസർ മാവൂർ, മുഹമ്മദ് ശാഫി, ഹിജാസ് തിരുന്നല്ലൂർ, ജസീൽ കണ്ണൂർ, കുഞ്ഞു ഒളവട്ടൂർ, മുസ്തഫ ചെമ്മാട്, അഷ്‌റഫ് ടി ടി വേങ്ങര, യൂനുസ് കൈതക്കോടൻ, സമദ് തവനൂർ, നാസർ മംഗലത്ത്, നൗഷാദ് അലി, നജീബ് മുവാറ്റുപുഴ, യൂനുസ് നാണത്ത്, ബഷീർ മത്തക്കൽ, റഫീക്ക് കിസ്മത്ത് , നാസർ എടക്കര, ഷൗകത്ത് പുൽപ്പറ്റ, നിസാർ പൊന്നാന്നി, ഹംസക്കോയ, സുധീർ അലനല്ലൂർ, Al സുലൈമാൻ, അബ്ദുൾ റഷീദ് പാലക്കാട് എന്നിവർ വിവിധ മത്സരങ്ങളിൽ കളിക്കാരുമായി പരിചയപ്പെട്ടു.