ലുസൈൽ സൂപ്പർ കപ്പ് പോരാട്ടം നാളെ; ഉദ്ഘാടനത്തിനൊരുങ്ങി ലോകകപ്പ് ഫൈനൽ വേദി
ലോകകപ്പിന്റെ കലാശപ്പോരിന് വേദിയാകുന്ന ലുസൈല്‍ സ്റ്റേഡിയത്തിന്റെ ഔദ്യോഗിക ഉദ്ഘാടന മത്സരമാണിത്
ദോഹ: ലുസൈല്‍ സൂപ്പര്‍ കപ്പ് ഫൈനല്‍ നാളെ. സൗദി ചാമ്പ്യന്മാരായ അല്‍ അഹ്ലിയും ഈജിപ്ഷ്യന്‍ ചാമ്പ്യന്മാരായ അല്‍ സമാലെകും തമ്മിലാണ് പോരാട്ടം. ലോകകപ്പിന്റെ കലാശപ്പോരിന് വേദിയാകുന്ന ലുസൈല്‍ സ്റ്റേഡിയത്തിന്റെ ഔദ്യോഗിക ഉദ്ഘാടന മത്സരമാണിത്.
ഖത്തർ സമയം രാത്രി 9 മണിക്കാണ് കിക്കോഫ്, അറബ് മേഖലയിലെ കരുത്തരായ രണ്ട് ക്ലബുകൾ തമ്മിലുള്ള പോരാട്ടം ലുസൈൽ സ്റ്റേഡിയത്തിന്റെ ഔദ്യോഗിക ഉദ്ഘാടന മത്സരമെന്ന നിലയ്ക്ക് മാധ്യമശ്രദ്ധ നേടിയിട്ടുണ്ട്. നേരത്തെ ഖത്തർ സ്റ്റാർസ് ലീഗ് മത്സരം ഇവിടെ വെച്ച് നടത്തിയിരുന്നു. 80,000 പേർക്ക് കളിയാസ്വദിക്കാവുന്ന പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഫുട്‌ബോൾ സ്റ്റേഡിയമാണ് ലുസൈൽ.
മത്സരത്തോടൊപ്പം തന്നെ ആരാധകർ ഏറെ ആവേശത്തോടെയാണ് സ്റ്റേഡിയത്തിൽ നടക്കുന്ന സംഗീത നിശയെ കാത്തിരിക്കുന്നത്. കേരളത്തിലടക്കം ഏറെ ആരാധകരുള്ള ഗായകനാണ് അംറ് ദിയാബ്. ആരാധകരുടെ സൗകര്യത്തിനായി ദോഹ നഗരത്തിൽ നാളെ ഉച്ചയ്ക്ക് ശേഷംഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ ഭാഗത്ത് നിന്നും വരുന്നവർക്ക് പ്രത്യേകം പാർക്കിങ് ഏരിയയും നിശ്ചയിച്ചിട്ടുണ്ട്. മെട്രോ പുലർച്ചെ മൂന്ന് മണിവരെ സർവീസ് നടത്തും