മക്ക മസ്‌ജിദുൽ ഹറമിനെ വിവിധ സോണുകളാക്കും; തിരക്ക് നിയന്ത്രണം ലക്ഷ്യം
ഇരു ഹറം കാര്യ മന്ത്രാലയവും സൗദി പോസ്റ്റല്‍ ആന്റ് ലോജിസ്റ്റിക്‌സ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
ദമ്മാം: മക്കയിലെ മസ്ജിദുല്‍ ഹറമിനെ വിവിധ സോണുകളാക്കി തിരിക്കാന്‍ പദ്ധതി. സന്ദര്‍ശകരുടെയും ഹറം ജോലിക്കാരുടെയും തിരക്ക് നിയന്ത്രിക്കുന്നതിനും തീര്‍ഥാടനം സുഗമമാക്കുന്നതിനും വേണ്ടിയാണ് പദ്ധതി. ഹറമും പരിസരങ്ങളും വ്യത്യസ്ത സോണുകളായി തിരിക്കുന്നതിനുള്ള രൂപരേഖ തയാറാക്കുന്നതിനും ക്രമീകരിക്കുന്നതിനുമുള്ള കരാര്‍ കൈമാറ്റം പൂര്‍ത്തിയായി.
ഇരു ഹറം കാര്യ മന്ത്രാലയവും സൗദി പോസ്റ്റല്‍ ആന്റ് ലോജിസ്റ്റിക്‌സ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. മസ്ജിദുല്‍ ഹറമിനെയും മുറ്റങ്ങളെയും വിവിധ സോണുകളായി തിരിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുക, ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഇതിനുള്ള ധാരണാ പത്രത്തില്‍ മന്ത്രാലയവും സൗദി പോസ്റ്റല്‍ കമ്പനിയും ഒപ്പുവച്ചു. പദ്ധതിയിലൂടെ സന്ദര്‍ശകരുടെ തിരക്ക് നിയന്ത്രിക്കുക, ആവശ്യാനുസരണം ജീവനക്കാരെ ലഭ്യമാക്കുക, സേവന നിലവാരം ഉയര്‍ത്തുക, ഹജ്ജ്- ഉംറ തീര്‍ഥാടകര്‍ക്ക് കര്‍മങ്ങള്‍ എളുപ്പത്തില്‍ നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കുക, ക്രമീകരണങ്ങള്‍ വിപുലപ്പെടുത്തുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.