സൗദിയിൽ മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റിന് ഇന്ന് തുടക്കം
ഖോബാറും റിയാദും സമ്മിറ്റിന് വേദിയാകും
റിയാദ്: സൗദിയിൽ മീഡിയവൺ സംഘടിപ്പിക്കുന്ന ബിസിനസ് സംഗമമായ ഫ്യൂച്ചർ സമ്മിറ്റിന് ഇന്ന് ഖോബാറിൽ തുടക്കമാകും. സമ്മിറ്റിന്റെ ആദ്യ എഡിഷനിൽ സൗദി മന്ത്രാലയത്തിലെയും ബിസിനസ് രംഗത്തേയും പ്രമുഖർ അണിനിരക്കും. സൗദി ദേശീയ ദിനമായ നാളെ തലസ്ഥാനമായ റിയാദിലും ഫ്യൂച്ചർ സമ്മിറ്റ് നടക്കും. വിവിധ രംഗങ്ങളിൽ നേട്ടങ്ങൾ സൃഷ്ടിച്ചവരെ മീഡിയവൺ ചടങ്ങിൽ ആദരിക്കും.
ഒരേയിടത്ത് സൗദി വിപണിയിലെ ലീഡർമാരും പുത്തൻ നിക്ഷേപകരും പരമ്പരാഗത പ്രവാസികളും ഒത്തു ചേരുന്നതാണ് ഫ്യൂച്ചർ സമ്മിറ്റ്. വിപണിയിലെ ട്രന്റുകളും പുത്തൻ സാങ്കേതിക വിദ്യയും വിപണിയെ മാറ്റിയെടുക്കേണ്ട രീതിയും ഉച്ചകോടിയിൽ ചർച്ചയാകും. സൗദി കിഴക്കൻ പ്രവിശ്യയിലെ ഖോബാറിലുള്ള ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ സൗദി വാർത്താ മന്ത്രാലയ മേധാവി ഹുസൈൻ അൽ ഷമ്മരിയാണ് മുഖ്യാതിഥി. സൗദിയിലെ സാധ്യതകളും ശ്രദ്ധ വേണ്ടതുമായ മേഖലകളെ പരാമർശിക്കുന്നതാകും തുടർന്നുള്ള സെഷനുകൾ. ഇമോഷണൽ സെയിൽസ് കോച്ച് റിയാസ് ഹക്കീം, ബിസിനസിലെ എ.ഐ സാധ്യതകളിൽ ഉമർ അബ്ദുസ്സലാം എന്നിവർ സംസാരിക്കും. തുടർന്ന് സൗദി വിപണിയിൽ വിജയിച്ചവ ബ്രാന്റുകളുമായുള്ള സംവാദമാണ്. മലബാർ ഗോൾഡ് & ഡയമണ്ട്‌സിന്റ എ.കെ ഫൈസൽ, ഇംപക്‌സിന്റെ മേധാവി നുവൈസ് ചേനങ്ങാടൻ, നെല്ലറയുടെ കെ ഷംസുദ്ദീൻ തുടങ്ങിയവർ ഇതിൽ സംബന്ധിക്കും.
വിവിധ ബ്രാന്റുകളുടെ ലോഞ്ചിങിനും ഫ്യൂച്ചർ സമ്മിറ്റ് വേദിയാകും. എക്‌സ്‌പേർട്ടെസ് സിഇഒ മുഹമ്മദ് ആഷിഫ്, ജാബിർ അബ്ദുൽ വഹാബ്, വികെ നദീർ എന്നിവരും വിവിധ സെഷനുകളിൽ സംവദിക്കും. വിപണിയിൽ നേട്ടം കൊയ്തവർക്കുള്ള ആദരവും ചടങ്ങിലുണ്ട്. കൃത്യം 3.45ന് പരിപാടിക്ക് തുടക്കം കുറിക്കും. രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർക്ക് 3 മണി മുതൽ സമ്മിറ്റിലേക്ക് പ്രവേശിക്കാം. റിയാദിൽ നാളെ ഹോട്ടൽ വോകോയാണ് വേദി.